ദേ വന്നു…ദാ പോയി! പ്ലേസ്റ്റേഷൻ 5 മിനിറ്റുകൾക്കകം വിറ്റുതീർത്ത് സോണി ഇന്ത്യ  

ഗെയിമിങ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സോണിയുടെ പുത്തൻ ഗെയിമിംഗ് കൺസോൾ പ്ലേസ്റ്റേഷൻ 5 ഇന്ത്യയിലെത്തുകയാണ്. ഫെബ്രുവരി രണ്ടിനാണ് പ്ലേസ്റ്റേഷൻ 5-ന്റെ ഇന്ത്യ ലോഞ്ച്. അതിന് മുൻപായി ചൊവ്വാഴ്ച (ഫെബ്രുവരി 12) ഉച്ചയ്ക്ക് ആരംഭിച്ച പ്രീ-ബുക്കിങ് മിനിറ്റുകൾക്കകം അവസാനിപ്പിച്ചു. ആമസോൺ, ക്രോമ, ഫ്ലിപ്കാർട്ട്, ഗെയിംസ് ദി ഷോപ്പ്, റിലയൻസ് ഡിജിറ്റൽ, സോണി സെന്റർ, വിജയ് സെയിൽസ് തുടങ്ങിയവയിലൂടെ ഇന്ത്യക്കായി നീക്കിവച്ച യൂണിറ്റുകൾക്കായി ആരംഭിച്ച ബുക്കിങ് 10 മിനിറ്റ് തികയുമ്പോഴേക്കും പൂർണമായും വിറ്റഴിഞ്ഞു.

മുൻപ് പ്രഖ്യാപിച്ചതുപോലെ തന്നെ പ്ലേസ്റ്റേഷൻ 5 സ്റ്റാൻഡേർഡ് പതിപ്പിന് 49,990 രൂപയാണ് വില. 39,990 രൂപ രൂപ വിലയുള്ള പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ ഇന്ത്യയിൽ വില്പനക്കെത്തില്ല. പ്ലേസ്റ്റേഷൻ 5-നോടൊപ്പം ലഭ്യമായ അക്‌സെസ്സറികളിൽ ഡ്യുവൽസെൻസ് വയർലെസ്സ് കൺട്രോളറിന് 5,990 രൂപയും, പൾസ്‌ 3ഡി വയർലെസ്സ് ഹെഡ്സെറ്റിന് 8,590 രൂപയും, പ്ലേസ്റ്റേഷൻ മീഡിയ റിമോട്ടിന് 2,590 രൂപയും ആണ് വില. അതെ സമയം 5,190 രൂപ വിലയുള്ള പ്ലേസ്റ്റേഷൻ എച്ഡി ക്യാമറ, 2,590 രൂപ വിലയുള്ള ഡ്യുവൽസെൻസ് ചാർജിങ് സ്റ്റേഷൻ ഇന്ത്യയിൽ വില്പനക്കെത്തിയിട്ടില്ല.

ഡീമോൺസ്‌ സോൾസ് (Rs 4,999), ഡിസ്ട്രക്ഷൻ ഓൾസ്റ്റാർസ് (Rs 4,999), സാക്‌ബോയ്‌: എ ബിഗ് അഡ്വെഞ്ചർ (Rs 3,999), മാർവെൽ സ്‌പൈഡർമാൻ: മൈൽസ് മൊറാലസ് (Rs 3,999) എന്നീ പ്ലേസ്റ്റേഷൻ 5-ൽ കളിക്കാവുന്ന പുത്തൻ ഗെയിമുകളും ഇപ്പോൾ പ്രീ ബുക്ക് ചെയ്യാം. അതെ സമയം മാർവെൽ സ്‌പൈഡർമാൻ മൈൽസ് മൊറാലസ്: അൾട്ടിമേറ്റ് എഡിഷൻ (Rs 4,999) ഇന്ത്യയിൽ ലഭ്യമല്ല.

ആദ്യ സ്റ്റോക്ക് വിറ്റുതീർന്നെങ്കിലും ഉടൻ രണ്ടാമത് സ്റ്റോക്ക് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സോണി. ആഗോളവിപണിയിലും ആവശ്യക്കാർ പ്രതീക്ഷിച്ചതിലും വർദ്ധിച്ചതോടെ കൃത്യസമയത്ത് ഗെയിമിങ് കൺസോൾ ഡെലിവറി ചെയ്യാൻ പാടുപെടുകയാണ് സോണി.

അതിനിടെ ഈ വർഷം മാർച്ച് 31 വരെ പ്രാബല്യത്തിലുള്ള ഒരു ഓഫറുമായി കാർ കമ്പനിയായ ഫോർഡ് എത്തിയിട്ടുണ്ട്. ഫോർഡിന്റെ എക്‌സ്‌പ്ലോറർ എസ്‌യുവി വാങ്ങിയാൽ പ്ലേസ്റ്റേഷൻ 5 തികച്ചും സൗജന്യം. എക്‌സ്‌പ്ലോറർ എസ്‌യുവിയോ? അങ്ങനെ ഒരു എസ്‌യുവി ഇന്ത്യയിലില്ലല്ലോ എന്നാണോ ചിന്തിക്കുന്നത്? ശരിയാണ് എക്‌സ്‌പ്ലോറർ ഇന്ത്യയിൽ വില്പനയിലില്ല. ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് സ്പാനിഷ് വിപണിയിലേക്കാണ്. ഏകദേശം 71 ലക്ഷം രൂപ വില വരുന്ന ഒരു യമണ്ടൻ എസ്‌യുവിയാണ് ഫോർഡ് എക്‌സ്‌പ്ലോറർ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team