ധനബിൽ പാസാക്കി: ഭൂമിയുടെ ന്യായവില 30 ശതമാനം കൂടും!  


തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ അധിക വിഭവസമാഹരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അധിക നിരക്കുകൾകൂടി ഉൾപ്പെടുത്തിയ ധനകാര്യബിൽ നിയമസഭ പാസാക്കി. ഉപ ധനാഭ്യർഥന, ധനവിനിയോഗ ബില്ലുകൾ എന്നിവയും പാസാക്കി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതിനിർദേശങ്ങളെല്ലാം ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സബ്ജക്ട് കമ്മിറ്റിക്കു വിടാതെ നേരിട്ട് അവതരിപ്പിക്കാനായി ചട്ടം ഭേദഗതിചെയ്തു.

ഭൂമിയുടെ ന്യായവിലയിൽ 30 ശതമാനം വർധന വരുത്തുമെന്ന് ധനബില്ലിൽ പറയുന്നു. ഇതിനായി ഗസറ്റ് വിജ്ഞാപനം വരും. ഫ്‌ളാറ്റുകൾ, അപ്പാർട്ട്‌മെൻറുകൾ ഒഴികെയുള്ള കെട്ടിടങ്ങൾ കൈമാറ്റംചെയ്യുമ്പോൾ കേന്ദ്ര മരാമത്തുവകുപ്പ് നിരക്കിൽ തറവിസ്തീർണം അടിസ്ഥാനത്തിൽ വില നിർണയിച്ച് നികുതി ഈടാക്കും.അധിക ധനാഭ്യർഥനയിൽ തിരഞ്ഞെടുപ്പ് എന്ന തലക്കെട്ടിൽ 100 കോടി രൂപ വകയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് തുകയെന്നാണു സൂചന.

പൊതുവിൽപ്പനനികുതി കുടിശ്ശിക പിരിക്കാൻ സമഗ്രമായ ആംനസ്റ്റി പദ്ധതി നടപ്പാക്കാൻ ധനബില്ലിൽ വ്യവസ്ഥയുണ്ട്. അഡ്മിറ്റഡ് ടാക്‌സ് പൂർണമായും അടയ്ക്കണം. തർക്കത്തിലുള്ള നികുതിയുടെ 50 ശതമാനം ഇളവ് അനുവദിക്കും. കോടതികളിലോ ട്രിബ്യൂണലുകളിലോ അപേക്ഷകൻ നൽകിയ കേസുകൾ പിൻവലിക്കണം. അപേക്ഷ നൽകാനും കുടിശ്ശിക അടയ്ക്കാനുമുള്ള സമയപരിധി പുതിയ സാഹചര്യത്തിൽ മാറ്റംവരുത്തി. തവണകളായോ മൊത്തമായോ തുക അടയ്ക്കണം. ആദ്യഗഡു 20 ശതമാനത്തിൽ കുറയാൻ പാടില്ല. മുമ്പ് പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമിൽ കുടിശ്ശിക അടയ്ക്കാൻ കഴിയാത്തവർക്കും പുതിയ പദ്ധതി ഉപയോഗപ്പെടുത്താം.

ബാറുകളുടെ വിറ്റുവരവ് നികുതി കുടിശ്ശികയിെല പിഴ പൂർണമായി ഒഴിവാക്കുന്ന ബജറ്റ് നിർദേശം ധനബില്ലിലുണ്ട്. പലിശയിലും 50 ശതമാനം ഒഴിവാക്കി. ഉപധനാഭ്യർഥനകൾ തിങ്കളാഴ്ചതന്നെ സഭ പാസാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team