നമ്മുടെ കുട്ടികളുടെ ഫോണ്‍ നമുക്ക് നമ്മുടെ ഫോണില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിച്ചാലോ?? പ്രത്യേക ആപ്പ് പുറത്തിറക്കി ഗൂഗിൾ!
മൊബൈല്‍ ഫോണില്‍ മുങ്ങിപ്പോയ കുട്ടികളെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സ് കൂടെ ആയതോടെ ഫോണ്‍ അവരുടെ കൈകളില്‍ തന്നെ ആയി.എത്രയൊക്കെ ശ്രദ്ധിച്ചാലും കുട്ടികള്‍ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ചില കുരുത്തക്കേടുകള്‍ ഒക്കെ ഒപ്പിക്കും. നമ്മുടെ കുട്ടികളുടെ ഫോണ്‍ നമുക്ക് നമ്മുടെ ഫോണില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിച്ചാലോ? ഇത്തരൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. കുട്ടികള്‍ ചെയ്യുന്നത് എന്തൊക്കെയെന്ന് മാതാപിതാക്കള്‍ക്ക് അവരുടെ ഫോണ്‍ വഴി കാണാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് തന്നെ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുകയാണ്.
മക്കള്‍ ഉപയോഗിക്കുന്ന ഫോണ്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ആപ്പാണ് ഫാമിലി ലിങ്ക് (ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ പാരെന്റ്സ്) എന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, മാതാപിതാക്കളുടെ ഫോണില്‍ ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ പാരെന്റ്സ് എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എന്നാണ്. കുട്ടികള്‍ ഉപയോഗിക്കുന്ന ഫോണില്‍ ഗൂഗിള്‍ ഫാമിലി ലിങ്ക് ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ടീനേജേഴ്സ് എന്ന ആപ്പും ഡൗണ്‍ലോഡ് ചെയ്യുക. മാതാപിതാക്കളുടെ ഫോണില്‍ മെയില്‍ ഐ.ഡിയും മറ്റ് വിവരങ്ങളും നല്‍കി പ്രോസസ്സ് പൂര്‍ത്തിയാക്കുക.
കുട്ടികളുടെ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ആഡ് അക്കൗണ്ടില്‍ കുട്ടികളുടെ പേരില്‍ മെയില്‍ ഐഡി കൊടുത്ത് ലോഗ് ഇന്‍ ചെയ്യുക. ശേഷം മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. കുട്ടികളുടെ മെയില്‍ ഐഡിയുടെ പാസ്‌വേഡ് കൊടുത്ത ശേഷം പ്രോസസ് പൂര്‍ത്തിയാക്കുക. ഇങ്ങനെ ചെയ്‌താല്‍ കുട്ടികള്‍ അവരുടെ ഫോണില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ഏതൊക്കെയാണെന്ന് റിവ്യൂ ആപ്പില്‍ വ്യക്തമായി കാണാം. മാതാപിതാക്കളുടെ ഫോണുമായി കുട്ടികളുടെ ഫോണ്‍ കണക്‌ട് ചെയ്തിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഈ ആപ്പ് അവരുടെ ഫോണില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല.
ആപ്പ് ഡിലീറ്റ് ചെയ്യാന്‍ കുട്ടികള്‍ ശ്രമിച്ചാല്‍ അതിന്റെ റിക്വസ്റ്റ് പോവുക മാതാപിതാക്കളുടെ ഫോണിലേക്കാണ്. മാതാപിതാക്കള്‍ ഇത് അപ്പ്രൂവല്‍ ചെയ്‌താല്‍ മാത്രമേ കുട്ടികളുടെ ഫോണില്‍ നിന്നും ഈ ആപ്പ് ഡിലീറ്റ് ആവുകയുള്ളൂ. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഏത് ആപ്പ് ആണെന്ന് മാതാപിതാക്കളുടെ ഫോണില്‍ വ്യക്തമായി കാണാന്‍ സാധിക്കും. യൂട്യൂബ് ആണ് അവര്‍ കൂടുതല്‍ ഉപയോഗിക്കുന്നതെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുടെ ഫോണില്‍ ടൈമിംഗ് സെറ്റ് ചെയ്‌തുവെയ്ക്കാന്‍ സാധിക്കും. 15 എന്ന ടൈമിംഗ് സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് കുട്ടികള്‍ക്ക് ആ സമയത്തിനപ്പുറം യൂട്യൂബ് ഓപ്പണ്‍ ആവുകയില്ല. . ഓരോ ആപ്പ്ളിക്കേഷനുകളും ഇങ്ങനെ ടൈമിംഗ് സെറ്റ് ചെയ്‌തുവെയ്ക്കാന്‍ സാധിക്കും.