നാലിലാങ്കണ്ടം പച്ചത്തുരുത്ത് ജൈവ വൈവിധ്യപഠന കേന്ദ്രമാക്കുന്നു സാംസ്കാരികം!
ഹരിത കേരള മിഷന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചെടുത്ത നാലിലാങ്കണ്ടം ചെറുവനം ജൈവവൈവിധ്യ പഠനകേന്ദ്രമാക്കുന്നു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തും നാലിലാങ്കണ്ടം ഗവ. യു.പി സ്‌കൂളും ചേന്നൊരുക്കിയ പച്ചത്തുരുത്താണ് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ വൈവിധ്യ പഠനകേന്ദ്രമാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റേയും കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിന്റേയും സംയുക്ത പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷന്‍ പച്ചത്തുരുത്തുകളുടെ പഠനത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഈ ആശയം മുന്നോട്ടുവച്ചത്.
വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള 4.65 ഏക്കര്‍ സ്ഥലത്തില്‍ 3.5 ഏക്കറാണ് പച്ചത്തുരുത്തിനായി ലഭ്യമായത്. നേരത്തെ വിവിധ സമയങ്ങളിലായി നട്ടുപിടിപ്പിച്ച നൂറുകണക്കിന് മരങ്ങള്‍ക്ക് പുറമെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മരങ്ങള്‍ ഇവിടെ നട്ടു വളര്‍ത്തിയിട്ടുണ്ട്. താന്നി, നീര്‍മരുത്, മാവ്, വീട്ടി, കുമ്പിള്‍, ഇലിപ്പ, കരിനെച്ചി, അശോകം, ആര്യവേപ്പ്, പേര, താന്നി, പുളി, മുള്ളുവേങ്ങ, നെല്ലി എന്നിവയാണ് ഇവിടെ കൂടുതലായുള്ളത്.
ഈ പ്രദേശത്ത് വന്യമായി വളര്‍ന്നു നില്ക്കുന്ന മുന്നൂറോളം മറ്റു സസ്യങ്ങളും നിലവിലുണ്ട്. പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യമായ, ഏഴുവര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രോബിലാന്തസ് ഇന്റഗ്രിഫോളസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന പൂമാലക്കുറിഞ്ഞി ഇവിടെ സ്വാഭാവികമായി വളര്‍ന്നു നില്‍ക്കുന്നു. പശ്ചിമഘട്ടത്തിലെ മറ്റു സ്ഥാനിക സസ്യങ്ങളായ ചേരു (ഹോളിഗാമ അമോട്ടിയാന), കൂനന്‍പാല (ടാബെമാമന്‍ടാന അല്‍റ്റേമിഫോളിയ) എന്നിവയ്ക്കു പുറമേ നമ്മുടെ സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയുടെ ലാര്‍വാ ഭക്ഷണസസ്യമായ മിറ്റിമരവും (സാന്തോക്‌സൈലം റേറ്റ്‌സ) ഇവിടെധാരാളമായുണ്ട്.
കരിയിലാഞ്ചി, ചെറിയകൊട്ടം, വന്‍തുടലി, ചെറുതുടലി, കുരീല്‍, ചെത്തി, വെങ്കണ, കാട്ടുമുല്ല, പുല്ലാനി, വെണ്മരുത്, കരിമരുത്, മോതിരവള്ളി, ചേരിക്കൊട്ട, മലതാങ്ങി, ചെത്തിക്കൊടുവേലി, വെട്ടടക്, നന്നാറി, വിഷ്ണുക്രാന്തി, പ്രസാരിണി, കൂരാമ്പ്, കാഞ്ഞിരം, കടകപ്പാല, ആനപ്പല, എരിക്ക്, മഞ്ചാടി, ഞാവല്‍, ഇടമ്പിരി-വലമ്പിരി, ഏഴിലമ്പാലഎന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. വിവിധഇനത്തില്‍പ്പെട്ട ധാരാളം പക്ഷികളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്. മറ്റു വിഭാഗത്തില്‍പ്പെട്ട ജീവികളുടേയും ആവാസവ്യവസ്ഥയായി ഈ പ്രദേശം മാറിക്കൊണ്ടിരിക്കുകയാണ്.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല ആസൂത്രണയോഗം നാലിലാങ്കണ്ടം ഗവ. യു.പി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. കയ്യൂര്‍-ചീമേനിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഗീതാകൃഷ്ണന്‍, വാര്‍ഡ് അംഗം ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരിച്ചു. ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍, വി.സി. ബാലകൃഷ്ണന്‍, ഡോ. എം.കെ. രതീഷ്‌നാരായണന്‍, മുഹമ്മദ് ഹനീഫ്, ബിജു.പി, നീതു. വി.എസ്, ശ്യാംകുമാര്‍, രേഖ, ഗോവിന്ദന്‍, പി.വി. ദേവരാജന്‍, ഇ. മധുസൂദനന്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്‍ വി.എം. അശോക കുമാര്‍ എന്നിവര്‍ സംസാരിച്ചു.