നിക്ഷേപകര്‍ക്ക് ഇന്ത്യയിലേക്ക് ക്ഷണം.ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഖത്തറില്‍;  

ദോഹ: ഇന്ത്യയില്‍ നിക്ഷേപമിറക്കുവാന്‍ ഖത്തര്‍ ബിസിനസുകാരേയും നിക്ഷേപകരേയും ക്ഷണിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ . രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ ചേംബര്‍, ഖത്തര്‍ ബിസിനസ് അസോസിയേഷന്‍ പ്രതിനിധികളുമായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന യോഗത്തിലാണ് ഈ ക്ഷണം മുന്നോട്ടുവച്ചത്. കൊവിഡാനന്തര കാലത്ത് ഇന്ത്യയും ഖത്തറും തമ്മില്‍ കൂടുതല്‍ സഹകരണ മേഖലകള്‍ തുറന്നുവന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖത്തര്‍ വാണിജ്യ പ്രതിനിധികള്‍ മുമ്പാകെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സാമ്പത്തിക മേഖലയിലും മാനവവിഭവ ശേഷി രംഗത്തുമൊക്കെ ഇന്ത്യയുമായി മികച്ച ബന്ധമാണ് ഖത്തറിനുള്ളത്. ഖത്തറിലെ ഏറ്റവും വലിയ വിദേശി വിഭാഗമാണ് ഇന്ത്യക്കാര്‍. മാത്രമല്ല ഖത്തറില്‍ നിന്നു പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമെന്നതും ഇന്ത്യ-ഖത്തര്‍ ബന്ധത്തെ കൂടുതല്‍ പ്രധാനമാക്കുന്നു. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം കൂടുന്നതോടെ കൂടുതല്‍ സഹകരണകത്തിന്റെ മേഖലകള്‍ തുറക്കപ്പെടുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശെയ്ഖ് ഖലീഫ ബിന്‍ ജാസിം ആല്‍ഥാനി, ഖത്തര്‍ ബിസിനസ് അസോസിയേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് ഫൈസല്‍ ബിന്‍ കാസിം ആല്‍ഥാനി, ഖത്തര്‍ ചേംബര്‍ സെക്കന്റ് വൈസ് ചെയര്‍മാന്‍ റാഷിദ് ബിന്‍ ഹമദ് അല്‍ അത്ബ, ക്യുബിഎ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഹുസൈന്‍ അല്‍ ഫര്‍ദാന്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായി അദ്ദേഹം ഓണ്‍ലൈനായി ചര്‍ച്ച നടത്തി. ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും കൊവിഡാനന്തര കാലത്ത് ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുവിഭാഗവും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team