നിരവധിഗുണങ്ങളുമായി സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾവീടുകളിൽ പ്രചാരമേറി  

കുടിക്കാനുള്ള വെള്ളം മലിനമാകാതെ സൂക്ഷിക്കാനുള്ള കഴിവും ഗുണമേന്മയുമാണ് വാട്ടർ ടാങ്കുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട്, പ്ലാസ്റ്റിക് വാട്ടർടാങ്കുകളിൽ നിന്നു വിഭിന്നമായ സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകളിലാണ് പുതുതലമുറ വിശ്വാസം അർപ്പിക്കുന്നത്. സാധാരണ എച്ച്ഡിപി, എൽഎൽഡിപി ടാങ്കുകളോടുള്ള താൽപര്യം ഉപയോക്താക്കൾക്കു കുറയാനുള്ള പ്രധാന കാരണം ആരോഗ്യപ്രശ്നങ്ങളാണ്.

അന്തരീക്ഷ ഊഷ്മാവ് വളരെയധികം വർധിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ പ്ലാസ്റ്റിക് ടാങ്ക് ചൂടിനെ ചെറുക്കുന്നതിൽ പരാജയപ്പെടുന്നു. കടുത്ത ചൂടിൽ വെള്ളവുമായി സമ്പർക്കത്തിലിരിക്കുന്ന പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്ന രാസപദാർഥങ്ങൾ വെള്ളത്തിലേക്കു പുറന്തള്ളുന്നു. ആരോഗ്യപരമായി ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുന്നത്. കാലാവസ്ഥയ്ക്കു ചേരുന്ന മെറ്റീരിയലും വൃത്തിയാക്കാനുള്ള സംവിധാനവുമെല്ലാം നോക്കി വേണം വാട്ടർ ടാങ്ക് വാങ്ങേണ്ടത്.

ഫുഡ് ഗ്രേഡ് മെറ്റീരിയലിൽ നിർമിച്ച വാട്ടർ ടാങ്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെള്ളവുമായി ചേർന്നിരിക്കുന്ന അവസ്ഥയിൽ ഇതിൽ രാസപദാർഥങ്ങൾ കലരില്ല എന്നതാണ് ഫുഡ് ഗ്രേഡ് മെറ്റീരിയലിന്റെ മേന്മ. ഫുഡ് ഗ്രേഡ് അല്ലാത്ത മെറ്റീരിയൽ ഉപയോഗിച്ചാൽ ചൂടു കൂടുമ്പോൾ വെള്ളത്തിൽ പ്ലാസ്റ്റിക്കിന്റെയും രാസമാലിന്യങ്ങളുടയും അംശം കലരാൻ സാധ്യതയുണ്ട്.

ഈ പ്രശ്നം ഒഴിവാക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ സഹായകമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം ആളുകൾ ലാഭം എന്നതിലുപരിയായി ആരോഗ്യത്തിനും പ്രാമുഖ്യം നൽകിക്കൊണ്ടു സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടര്‍ ടാങ്കുകൾ തിരഞ്ഞെടുക്കുന്നു എന്നതാണ്. കഠിനമായ വെയിലിൽ സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കിലെ ജലം ചൂടാകുമോ എന്നാണു തുടക്കത്തിൽ പലരും ശങ്കിച്ചിരുന്നത്. എന്നാൽ, വെയിലേറ്റ് ചൂടായാലും സ്റ്റെയിൻലെസ് വാട്ടർ ടാങ്കിലെ വെള്ളത്തിനു മാറ്റമൊന്നും സംഭവിക്കില്ല എന്ന തിരിച്ചറിവ് ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചു.

വെയിലിനെ അതിജീവിക്കാനുള്ള പ്രധാന കാരണം പാചകത്തിനുപയോഗിക്കുന്ന 304 ഗ്രേഡ് സ്റ്റീലിലാണ് വാട്ടർ ടാങ്ക് നിർമിക്കുന്നു എന്നതാണ്. ഇപ്പോൾ പല ആകൃതിയിലും വലുപ്പത്തിലുമുള്ള സ്റ്റീല്‍ വാട്ടർ ടാങ്കുകൾ ലഭ്യമാണ്. സാധാരണ വാട്ടർടാങ്കുകളിൽ മൂന്നു മാസ സമയപരിധിക്കുള്ളിൽ പായലും പൂപ്പലും പിടിക്കുമ്പോൾ സ്റ്റീൽ വാട്ടർ ടാങ്കുകളിൽ അത്തരമൊരു സാധ്യതയില്ല. സൂര്യപ്രകാശം ടാങ്കിനകത്തേക്കു കടക്കാത്തതിനാലാണ് പൂപ്പൽ പിടിക്കാത്തത്. ടാങ്കിന്റെ ഉൾവശത്ത് ചെളി അടിഞ്ഞുകൂടില്ല. 500 മുതൽ 5000 ലീറ്റർ വരെ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് വിപണിയിലുണ്ട്. ഇവ വൃത്തിയാക്കാൻ എളുപ്പമാണ്. എല്ലാ ടാങ്കിലും ഡ്രെയിൻ വാൽവ് ഉണ്ടായിരിക്കും. വൃത്തിയാക്കേണ്ട സാഹചര്യം വരുമ്പോൾ വാൽവ് തുറന്ന് അഴുക്കുകളയാം. എൺപതു ശതമാനവും റീസൈക്കിൾ ചെയ്യാനുമാവും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team