നിറം മാറുന്ന ബാക്ക് പാനലുമായി വൺപ്ലസ് 8T കോൺസെപ്റ്റ്  

വൺപ്ലസ് 8T കോൺസെപ്റ്റ് എന്നാണ് പുത്തൻ വൺപ്ലസ് കോൺസെപ്റ്റ് ഫോണിന്റെ പേര്. ഷെൻസിൻ, തായ്പേയ്, ന്യൂയോർക്ക്, ഇന്ത്യ എന്നിവിടങ്ങളിലെ 39 വൺപ്ലസ് ഡിസൈനർമാരുടെ കരവിരുതാണ് വൺപ്ലസ് 8T കോൺസെപ്റ്റ്. പേര് സൂചിപ്പിക്കും പോലെ വൺപ്ലസ്സിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രീമിയം ഫോൺ ആളായ വൺപ്ലസ് 8T അടിസ്ഥാനമായാണ് ഈ ഫോൺ തയ്യാറാക്കിയിരിക്കുന്നത്. നിറം മാറുന്ന ബാക്ക് പാനൽ, മില്ലിമീറ്റർ വേവ് (mmWave) റഡാർ മൊഡ്യൂൾ, ബ്രീത്തിങ് മോണിറ്റർ എന്നിവയാണ് വൺപ്ലസ് 8T കോൺസെപ്റ്റ് ഫോണിന്റെ ആകർഷണങ്ങൾ.

വൺപ്ലസ് 8T-യിലെ ഗ്ലാസ് ബാക്കിന് പകരം, പ്രകൃതിദത്ത ഘടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പാറ്റേണുകൾ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ ബാക്ക് ആണ് വൺപ്ലസ് 8T കോൺസെപ്റ്റിന്റെ സവിശേഷത. ഗ്ലാസ് പാലിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഈ പറ്റേർണുകളിൽ മെറ്റൽ ഓക്സൈഡ് അടങ്ങിയിരിക്കുന്നു. ഇത് പാറ്റേർണിന്റെ നിറം ഇരുണ്ട നീലയിൽ നിന്ന് ഇളം സിൽവേറിലേക്ക് മാറും വിധമാണ്. മെറ്റൽ ഓക്സൈഡ് സജീവമാകുമ്പോഴാണ് നിറം മാറുന്നത് എന്ന് വൺപ്ലസ് വ്യക്തമാക്കി. നോട്ടിഫിക്കേഷനുകൾ വരുമ്പോഴാണ് ഈ നിറം മാറ്റം പ്രവർത്തിക്കുക.

മില്ലിമീറ്റർ വേവ് (mmWave) റഡാർ മൊഡ്യൂൾ ആണ് വൺപ്ലസ് 8T കോൺസെപ്റ്റിലെ മറ്റൊരു സാങ്കേതിക വിദ്യ. ഇലക്ട്രോമാഗ്നെറ്റിക് വേവുകളെ ട്രാൻസ്മിറ്റ് ചെയ്യാനും റിസീവ് ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നു. 5ജി യുഗത്തിലെ ഫോണുകളിൽ ഹാൻഡ്‌സ് ഫ്രീ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവും മില്ലിമീറ്റർ വേവ് (mmWave) എന്നാണ് കരുതുന്നത്. ഈ സവിധാനമുണ്ടാകുമ്പോൾ സ്മാർട്ട്ഫോണിൽ തൊടാതെ തന്നെ കൈകളുടെ ആംഗ്യം കൊണ്ട്തന്നെ പല ഫീച്ചറുകളും പ്രവർത്തിപ്പിക്കാൻ സാദ്ധിക്കും. ആംഗ്യം കൊണ്ട് നിയന്ത്രണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ ഇൻബിൽറ്റ് റഡാറിന് 5ജി എംഎം വേവ് നെറ്റ്‌വർക്കുകൾ ആവശ്യമില്ലത്രേ. 5ജി ഇപ്പോഴും പ്രവർത്തനം തുടങ്ങാത്ത ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ പോലും പുതിയ സാങ്കേതികവിദ്യയ്ക്ക് പ്രവർത്തിക്കാനാകുമെന്ന് ചുരുക്കം.

മില്ലിമീറ്റർ വേവ് (mmWave) മൊഡ്യൂളിന് നിങ്ങളുടെ ശ്വസനം രജിസ്റ്റർ ചെയ്യാമെന്നും വൺപ്ലസ് പറയുന്നു. ശ്വസന സമയത്ത് നെഞ്ചിലെ മില്ലിമീറ്റർ ലെവൽ ചലനം രേഖപ്പെടുത്തുന്നതിന് ശ്വസനം അളക്കാൻ മൊഡ്യൂൾ സോഫ്റ്റ്വെയർ അൽഗോരിതം ഉപയോഗിക്കുന്നു. ഇതനുസരിച്ച് ബാക്ക് പാനലിലെ നിറങ്ങൾ മാറും.
തത്കാലം വൺപ്ലസ് 8T കോൺസെപ്റ്റ് ഒരു കോൺസെപ്റ്റ് മാത്രമായി തന്നെ തുടരും. അതെ സമയം ഭാവിയിലെ വൺപ്ലസ് ഫോണുകളിൽ 8T കോൺസെപ്റ്റിൽ അവതരിപ്പിച്ച പല ഫീച്ചറുകളും ഇടം പിടിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team