നിലവില്‍ വായ്പാ തിരിച്ചടവിന് പ്രയാസം അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ???ഒരു വായ്പാ ഉപയോക്താവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ചില അവകാശങ്ങൾ ഇതാ!  

കോവിഡ് 19 രോഗ വ്യാപനം നമ്മള്‍ ഏവരുടേയും ജീവിതങ്ങളെ മാറ്റി മറിച്ചിരിക്കുകയാണ്. ജോലി നഷ്ടവും, വേതനത്തിലെ കുറവും കാരണം മിക്കവരും വലിയ സാമ്ബത്തീക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.പലര്‍ക്കും അവരുടെ വായ്പാ ബാധ്യതകള്‍ കൃത്യമായി തിരിച്ചടയ്ക്കുവാനും സാധിക്കുന്നില്ല. വായ്പാ ഇഎംഐകളുടെ തിരിച്ചടവില്‍ വീഴ്ച സംഭവിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. മതിയായ ക്രെഡിറ്റ് സ്‌കോര്‍ ഇല്ല എങ്കില്‍ ഭാവിയില്‍ മറ്റ് വായ്പകള്‍ നിങ്ങള്‍ക്ക് ലഭിക്കാതിരിക്കുവാന്‍ കാരണമാവുകയും ചെയ്യും.

നിലവില്‍ വായ്പാ തിരിച്ചടവിന് പ്രയാസം അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു വായ്പാ ഉപയോക്താവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ചില അവകാശങ്ങളെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്.

വായ്പാ തിരിച്ചടിവില്‍ പിഴവ് സംഭവിച്ചാലും വായ്പാ ദാതാവ് നിങ്ങളെ പ്രയാസപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഈ അവകാശങ്ങള്‍ അറിഞ്ഞിരിക്കുന്നത് വഴി സാധിക്കും. ഭവന വായ്പയായാലും, കാര്‍ വായ്പയായാലും തിരിച്ചടവില്‍ വീഴ്ച വരുത്തി എന്നതു കൊണ്ട് ആ വീടിനു മേലും കാറിനുമേലും നിങ്ങള്‍ക്കുള്ള മുഴുവന്‍ അവകാശവും ഇല്ലാതാകുന്നില്ല. കുടിശ്ശിക തുക തിരിച്ചു പിടിക്കുന്നതിനായി വായ്പാ ദാതാക്കള്‍ നിര്‍ദിഷ്ട നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ വായ്പാ ഉപയോക്താവ് അറിഞ്ഞിരിക്കേണ്ട അഞ്ച് അവകാശങ്ങള്‍ ഏതൊക്കെയാണെന്ന്് നമുക്ക് നോക്കാം.

  1. വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാലും ആസ്തിയിന്മേലുള്ള മുഴുവന്‍ അവകാശവും തങ്ങള്‍ക്ക് നഷ്ടമാകുന്നില്ല എന്ന് വായ്പാ ഉപയോക്താവ് അറിഞ്ഞിരിക്കേണ്ടതുണ്ട്. തുടര്‍ന്നും ന്യായമായ ഇടപെടലിന് ഉപയോക്താവിന് അര്‍ഹതയുണ്ടെന്നും അറിയുക. കുടിശ്ശിക തുക തിരിച്ചെടുക്കുന്നതിനായി നിശ്ചിത നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈടുള്ള വായ്പകളാണെങ്കില്‍ ഈടായി നല്‍കിയ ആസ്തികള്‍ ബാങ്കുകള്‍ തിരിച്ചു വാങ്ങുന്നത് സെക്യൂരിറ്റൈസേഷന്‍ ആന്റ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റസ് ആക്‌ട് അഥവാ സര്‍ഫാസി ആക്‌ട് പ്രകാരമാണ്. എന്നിരുന്നാലും വായ്പ എടുത്തിരിക്കുന്ന വ്യക്തിയ്ക്ക് മതിയായ നോട്ടീസ് നല്‍കിയതിന ശേഷം മാത്രമാണ് നിയമ പ്രകാരമുള്ള തിരിച്ചെടുക്കല്‍ പ്രക്രിയയിലേക്ക് ബാങ്ക് കടയ്‌ക്കേണ്ടത്.
  2. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ (90 ദിവസം) ഇഎംഐ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാലാണ് വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (നോണ്‍ പെര്‍ഫോര്‍മിംഗ് അസറ്റ്, എന്‍പിഎ) കണക്കാക്കുക. ഇത്തരം സാഹചര്യത്തില്‍ വായ്പാ ദാതാവ് ആദ്യം വായ്പാ ഉപയോക്താവിന് 60 ദിവസ നോട്ടീസ് അയക്കേണ്ടതുണ്ട്. നല്‍കിയിരിക്കുന്ന നോട്ടീസ് പിരീയഡിന് അകത്ത് തുക തിരിച്ചടയ്ക്കുവാന്‍ വായ്പാ ഉപയോക്താവിന് സാധിച്ചില്ല എങ്കില്‍ വായ്പാ ദാതാവിന് ആസ്തി വില്‍പ്പന നടപടികളുമായി മുന്നോട്ട് പോകാം. ആസ്തി വില്‍പ്പന നടത്തുന്നതിന് മുമ്ബായി വായ്പാ ദാതാവ് വില്‍പ്പനയുടെ വിവരങ്ങള്‍ അടങ്ങിയിട്ടുള്ള 30 ദിവസ പബ്ലിക് നോട്ടീസും നല്‍കേണ്ടതുണ്ട്.
  3. ആസ്തി വില്‍പ്പന നടത്തുന്നതിന് മുമ്ബായി ആസ്തിയുടെ മൂല്യം വ്യക്തമാക്കിക്കൊണ്ട് വായ്പാ ദാതാവ് നോട്ടീസ് നല്‍കണം. റിസേര്‍വ് പ്രൈസും, ലേലത്തീയ്യതിയും സമയവും നോട്ടീസില്‍ ഉണ്ടായിരിക്കണം.
  4. ആസ്തികളുടെ വില്‍പ്പനയിലൂടെ വായ്പാ കുടിശ്ശികയ്ക്ക് മുകളിലുള്ള തുക ബാങ്ക് നേടിയാല്‍ കുടിശ്ശിക കിഴിച്ച്‌ ബാക്കി തുക വായ്പ എടുത്ത വ്യക്തിയ്ക്ക തിരികെ നല്‍കേണ്ടതുണ്ട്.
  5. ഏറ്റവും പ്രധാനം വായ്പാ ദാതാവില്‍ നിന്നും ഏജന്റുമാരില്‍ നിന്നും മാന്യമായ പെരുമാറ്റത്തിനും ഇടപെടലുകള്‍ക്കും ഉപയോക്താവിന് അര്‍ഹതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team