നീറ്റ് ലഭിച്ചില്ലേ? പകരം എന്ത്? ഇതാ ചില ആകര്‍ഷകമായ കോഴ്‌സുകള്‍  

പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ച് വിദ്യാര്‍ത്ഥികളുടെ ആദ്യ ഓപ്ഷന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആയിരിക്കും. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം ലഭിക്കുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ നീറ്റ് ഫലത്തിന്റെ ലിസ്റ്റില്‍ പേരു വരാത്തവര്‍ നിരാശരാകേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ വേറെയും നിരവധി മാര്‍ഗങ്ങളുണ്ട്. ജോലി സാധ്യത കൂടിയതും ശാസ്ത്ര വിഷയങ്ങളോട് നിങ്ങള്‍ക്കുള്ള താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധിക്കുന്നതുമായ ചില കോഴ്‌സുകളെ പരിചയപ്പെടാം.

ഫിസിയോതെറാപ്പിസ്റ്റ്

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിസിയോതെറാപ്പി കോഴ്‌സ് പഠിക്കണമെങ്കില്‍പ്രവേശ പരീക്ഷ എഴുതേണ്ടി വരും. ചില കോളേജുകളില്‍ പ്ലസ്ടു പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പ്രവേശനം. മികച്ച ജോലിസാധ്യതയുള്ള മെഡിക്കല്‍ കോഴ്‌സ് കൂടിയാണ്. വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ സാധിക്കും. പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, സ്‌പോര്‍ട്‌സ് ഫിസിക്കല്‍ തെറാപ്പി, ന്യൂറോളജി, ക്ലിനിക്കല്‍ ഇലക്ട്രോ ഫിസിയോളജിക്, കാര്‍ഡിയോ പള്‍മനറി തെറാപ്പി എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്യാം. ജനിതകമായതും അപകടങ്ങളിലും സംഭവിക്കുന്ന വൈകല്യങ്ങള്‍ പരിഹരിക്കുക എന്നതാണ് ഫിസിയോതെറാപ്പിസ്റ്റിന്റെ പ്രധാന ജോലി

നഴ്‌സ്

എം.ബി.ബി.എസ് കഴിഞ്ഞാല്‍ ഡിമാന്റ് ഏറെയുള്ളത് നഴസിങ് കോഴ്‌സുകള്‍ക്കാണ്. ഓക്‌സിലിയറി നഴ്‌സിങ് മിഡൈ്വഫറി, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി തുടങ്ങിയ കോഴ്‌സുകള്‍ക്ക് പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആശുപത്രികളില്‍ നഴ്‌സുമാരുടെ സേവനം ഒഴിച്ചുകൂടാനാവത്തതാണ്. ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ വമ്പന്‍ ഓഫറുകളാണ് നഴ്‌സിങ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്.

ഡയറ്റീഷ്യന്‍

പേരു സൂചിപ്പിക്കുന്നതു പോലെ ഡയറ്റ് മാനേജ്‌മെന്റ് അല്ലെങ്കില്‍ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട കോഴ്‌സാണിത്. പോഷകാഹാരക്കുറവും കൃത്യമായുള്ള പോഷകാഹാരങ്ങള്‍ നിര്‍ദേശിക്കാനുമൊക്കെ ഒരു ഡയറ്റീഷനെക്കൊണ്ടാകും. ആശുപത്രികള്‍, കമ്മ്യൂണിറ്റി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, കണ്‍സള്‍ട്ടന്റ്‌സ്, ഫുഡ്/ന്യൂട്രീഷ്യന്‍ ബിസിനസ് ഇന്റസ്ട്രി, ഫുഡ്‌സര്‍വീസ്, സ്‌പോര്‍ട്‌സ്, വെല്‍നസ് ന്യൂട്രീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനാകും.

കെമിസ്റ്റ്

ബി.ഫാം, ഡി.ഫാം കോഴ്‌സുകള്‍ക്കും നല്ല ഡിമാന്റുണ്ട്. നാലു വര്‍ഷത്തെ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സാണ് ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബ.ഫാം). ഫാര്‍മസിയില്‍ രണ്ടു വര്‍ഷത്ത ഡിപ്ലോമ കോഴ്‌സാണ് ഡി.ഫാം. ബി.ഫാം പഠിച്ചിറങ്ങുന്നവര്‍ക്ക് ദേശീയ അന്തര്‍ദേശീയ മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ ജോലി ലഭിക്കും. ഡി.ഫാം സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ സ്വന്തമായി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങുകയോ മെഡിക്കല്‍ സ്റ്റോറുകളില്‍ ജോലിക്ക് കയറുകയോ ചെയ്യാം.

സയൻ്റിസ്റ്റ്

സയന്‍സ് വിഷയങ്ങള്‍ പഠിച്ച് അവയില്‍ ഗവേഷണം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ മാര്‍ഗം തെരഞ്ഞെടുക്കാം. പ്ലസ്ടുവില്‍ സയന്‍സ് പഠിച്ചവര്‍ക്ക് ശാസ്ത്ര വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത് തുടര്‍ന്ന് പി.എച്ച്ഡിയുമെടുക്കാം. കോളേജുകളില്‍ ലക്ചറര്‍ പോസ്റ്റില്‍ ജോലിക്ക് പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team