നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് 40 കോടി രൂപ അനുവദിച്ചു: കൃഷി മന്ത്രി  

തിരുവനന്തപുരം : സംസ്ഥാനത്ത് നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കി സംരക്ഷിക്കുന്ന വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് സര്‍ക്കാര്‍ 40 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രകൃതി ദത്തമായ ജലസംഭരണികള്‍ എന്ന നിലയില്‍ നെല്‍വയലുകള്‍ സംരക്ഷിക്കേണ്ട ചുമതല ഉടമകള്‍ക്കുണ്ട്. തങ്ങളുടെ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിലൂടെ ഉടമകള്‍ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയുമാണ് സംരക്ഷിക്കുന്നത്. ഈ മഹത്തായ പ്രവര്‍ത്തനത്തിനുളള അംഗീകാരം കൂടിയാണ് റോയല്‍റ്റി എന്ന നിലയില്‍ നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഹെക്ടര്‍ ഒന്നിന് 2000 രൂപ നിരക്കിലാണ് നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നത്. ഇപ്പോള്‍ അനുവദിച്ചിട്ടുളള 40 കോടി രൂപയ്ക്ക് പുറമേ, വര്‍ഷം തോറും റോയല്‍റ്റി നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിനും ഇനി ഒരിഞ്ചുപോലും തരിശിടാതെയും നെല്‍വയലുകളുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചും കേരളത്തിന്റെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുമാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുളളത്. ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉപഹാരമാണ് റോയല്‍റ്റിയെന്നും കൂടുതല്‍ പേര്‍ നെല്‍കൃഷിയിലേക്ക് വരണമെന്നും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

Yaseen Emv

I am a self-researcher in hidden technology

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team