പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ സർക്കാർ ഗ്യാരണ്ടി 100 കോടിയായി വർദ്ധിപ്പിച്ചു!
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് ദേശീയ പട്ടികജാതി വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി 30 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി വർദ്ധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഗ്യാരണ്ടി തുക വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം വായ്പക്കായി കോർപ്പറേഷനെ സമീപിക്കുന്നവർക്ക് ആശ്വാസമാണ്.
1972 ൽ ആരംഭിച്ചതുമുതൽ കോർപ്പറേഷന് ലഭിച്ചിട്ടുള്ള 30 കോടി ഗ്യാരണ്ടിയിൽ നിന്ന് ഒറ്റയടിക്കാണ് 100 കോടിയായി വർദ്ധിപ്പിച്ചത്.ഗ്യാരണ്ടി തുക വർദ്ധിപ്പിച്ച സർക്കാർ തീരുമാനം സർക്കാരിന്റെ സുഭിക്ഷ കേരളം പോലെയുള്ള പദ്ധതികളിൽ പട്ടികജാതി പട്ടികവർഗ്ഗ ജനസമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനും ഈ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരാനും സഹായിക്കുമെന്ന് ചെയർമാൻ ബി.രാഘവനും, മാനേജിംഗ് ഡയറക്ടർ ഡോ.എം.എ.നാസറും അറിയിച്ചു.
വനിതാ ശാക്തീകരണ പദ്ധതി, സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതി 50 ലക്ഷം രൂപ വരെ, പ്രവാസി പുന:രധിവാസ വായ്പാ പദ്ധതി 20 ലക്ഷം രൂപ വരെ, ഭവന വായ്പാ പദ്ധതി, ഭവന പുനരുദ്ധാരണ വായ്പ, കൃഷിഭൂമി വായ്പാ പദ്ധതി, സർക്കാർ ജീവനക്കാർക്കുള്ള കാർ ലോൺ എന്നിവയാണ് കോർപ്പറേഷൻ പുതുതായി നടപ്പിലാക്കിയ പദ്ധതികൾ.