പബ്ജി ആരാധകർക്ക് ആശ്വാസവുമായി ഫൗജി ഗെയിം അടുത്ത മാസം മുതൽ
പബ്‌ജി ആരാധകരെ നിരാശയിലാഴ്ത്തി ജൂലായിലാണ് ബാറ്റിൽ റോയൽ ഗെയിമിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. അതെ സമയം സെപ്റ്റംബറിൽ തന്നെ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ് (FAU-G)’ പ്രഖ്യാപിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്.
ഒക്ടോബറിൽ എത്തും എന്നായിരുന്നു പ്രഖ്യാപനം എങ്കിലും ഇതുവരെയും ഗെയ്മിനെപ്പറ്റി എൻകോർ ഗെയിംസിൻ്റെ ഭാഗത്ത് നിന്നോ അക്ഷയ് കുമാറിന്റെ ഭാഗത്ത് നിന്നോ വിവരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം എൻകോർ ഗെയിംസ് ഫൗജി ഗെയിം നവംബറിലെ എത്തൂ എന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തു. ഒപ്പം ഗെയിമിന്റെ ആദ്യ ടീസറും പുറത്ത് വിട്ടു. ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ ആക്ഷൻ സീനുകളും ഇന്ത്യ, ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനവും പ്രമേയമാകുന്നുണ്ട്.
പബ്ജി കളിക്കാതിരിക്കാൻ പറ്റുന്നില്ലേ? പകരം ഈ 3 ഗെയിമുകൾ പരീക്ഷിക്കാം
പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത് എന്ന് ഗെയ്‌മറും എൻകോർ ഗെയിംസ് സഹ സഹസ്ഥാപകൻ വിശാൽ ഗോണ്ടൽ ഗെയിം പ്രഖ്യാപന സമയത്ത് വ്യക്തമാക്കിയിരിക്കുന്നു. ആഭ്യന്തര, വിദേശ ഭീഷണികളെ നേരിടുന്ന ഇന്ത്യൻ സുരക്ഷാ സേന അഭിമുഖീകരിക്കുന്ന യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗെയിം തയ്യാറാക്കുന്നത് എന്ന് എൻകോർ ഗെയിംസ് വ്യക്തമാക്കുന്നു.
ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്വര ആയിരിക്കും പശ്ചാത്തലം എന്ന് റിപ്പോർട്ടുകളുണ്ട്.
ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന ‘ഭാരത് കെ വീർ ട്രസ്റ്റ്’ എന്ന സംഘടനയ്ക്ക് നൽകും.
അക്ഷയ് കുമാർ രണ്ട് ദിവസം മുൻപ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടീസർ വീഡിയോയ്ക്ക് ഇതിനകം അഞ്ച് ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. “ഇന്ത്യയിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഗെയിമിംഗ് വിനോദത്തിന്റെ ഒരു പ്രധാന രൂപമായി മാറുകയാണ്. ഫൗജി ഉപയോഗിച്ച്, ഗെയിം കളിക്കുമ്പോൾ അവർ നമ്മുടെ സൈനികരുടെ ത്യാഗത്തെക്കുറിച്ച് മനസ്സിലാകുമെന്നും അതുവഴി രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് സംഭാവന നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു; ഒപ്പം ആത്മ നിർഭറിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ നമുക്ക് ഓരോരുത്തർക്കും ഇതുവഴി സാധിക്കും,” അക്ഷയ് കുമാർ പറഞ്ഞു.