പരസ്യ കരാറുകളിൽ കുതിച്ചുയർന്ന് ക്രിക്കറ്റ് താരങ്ങൾ ഏറ്റവും മുന്നിൽ വിരാട് കോലി  

പരസ്യക്കരാറുകളുടെ കാര്യത്തില്‍ ബോളിവുഡിനെ പിന്നിലാക്കി കുതിപ്പ് തുടരുകയാണ് ക്രിക്കറ്റ് താരങ്ങള്‍. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി അടുത്തിടെ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നേടുന്ന രണ്ടാമത്തെ സെലിബ്രിറ്റിയായി. ഒന്നാമത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ്. അമിതാഭ് ബച്ചന്‍, കരീന കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ധോണിയും കോലിയും മുന്നിലെത്തിയത്.

ഏറെ കാലമായി പട്ടികയില്‍ മുന്നിലുള്ള വിരാട് കോലിയുടെ സ്ഥാനത്തിന് ഇപ്പോഴും ഇളക്കമൊന്നും തട്ടിയിട്ടില്ല. ജൂണില്‍ രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടന്‍ അക്ഷയ്കുമാറും മൂന്നാം സ്ഥാനത്ത് കരീന കപൂറും, നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനുമായിരുന്നു.
ജൂലൈ ആയപ്പോഴേക്കും അക്ഷയ്കുമാര്‍ ആദ്യ നാലില്‍ നിന്ന് പുറത്തായി. പകരം ധോണി രണ്ടാം സ്ഥാനത്തെത്തി. അമിതാഭ്ബച്ചനും കരീന കപൂറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

കഴിഞ്ഞ വര്‍ഷം മുതല്‍ കായിക താരങ്ങളുമായി ബന്ധപ്പെട്ട പരസ്യകരാറുകളില്‍ 17 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബോളിവുഡ് താരങ്ങളുടേത് 30 ശതമാനം ഇടിയുകയും ചെയ്തു. ധോണിക്കു പുറമേ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് കൂടുതലായി പരസ്യകരാറുകള്‍ ലഭിച്ചു എന്നതും ശ്രദ്ധേയം. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സംശയങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ലോക്ക്ഡൗണ്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ബോളിവുഡ് താരങ്ങളെ പ്രതികൂലമായി ബാധിച്ചതാണ് ഇതിന് പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team