പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു; മുഖ്യമന്ത്രി ആദ്യ യാത്ര നടത്തി  

സിയാൽ കൊച്ചിയിൽ നിർമിച്ച വേമ്പനാട് എന്ന സോളാർ ബോട്ടിൽ വേളിയിൽ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി പിണറായി വിജയൻ പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോവളം മുതൽ കാസർകോട് നീലേശ്വരം വരെയുള്ള 590 കിലോമീറ്റർ പാതയുടെ ഭാഗമാണിത്. ഇതിൽ കൊല്ലം മുതൽ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റർ ദേശീയ ജലപാത എൻ. എച്ച് 3 ആണ്.

ജലപാതയിലൂടെ സർവീസ് നടത്തുന്നതിനെത്തിച്ച സോളാർ ബോട്ടിൽ 24 പേർക്ക് യാത്ര ചെയ്യാം. ഇതിൽ 12 സീറ്റുകൾ എയർ കണ്ടീഷൻ ചെയ്തതാണ്. 15 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമാണ് ബോട്ടിനുള്ളത്. പത്തു നോട്ടിക്കൽ മൈൽ വേഗതയാണുള്ളത്.
വേളി മുതൽ കഠിനംകുളം വരെ കായലിലെ പോളയും ചെളിയും നീക്കി വീതി കൂട്ടിയിട്ടുണ്ട്. കോവളം മുതൽ വേളി വരെയുള്ള ജലപാതയുടെ നവീകരണം പുരോഗമിക്കുകയാണ്. കരിക്കകത്ത് നിലവിലെ നടപ്പാലത്തിനു പകരം ബോട്ടുകൾ വരുമ്പോൾ തുറക്കുന്നതും അല്ലാത്തപ്പോൾ അടയ്ക്കാനാവുന്നതുമായ പാലമാണ് നിർമിക്കുക. ഇതിന് ടെണ്ടർ നൽകി. എം. എൽ. എമാരായ വി. എസ്. ശിവകുമാർ, വി. ജോയി, മേയർ ആര്യാ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, സിയാൽ എം. ഡി വി. ജെ. കുര്യൻ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team