പാട്ട് ഓർമയുണ്ട്, ഏതാണെന്നറിയില്ലേ ?? ഇനി ഒന്ന് മൂളിയാൽ മതി, പാട്ട് ഗൂഗിൾ പറഞ്ഞു തരും!
സംഗീത പ്രേമികള്‍ക്ക് വല്ലാത്തൊരു അങ്കലാപ്പ് സമ്മാനിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. ഒരു പാട്ടിന്റെ വരിയോ, പാട്ട് പാടിയ ആളെയോ സംഗീത സംവിധായകനെയോ അറിയില്ല, എന്നാല്‍, ആ പാട്ട് ഏതാണെന്ന് ചെറുതായി മൂളാന്‍ മാത്രം അറിയാം. എന്ത് വില കൊടുത്തും ആ പാട്ട് കണ്ടെത്തേണ്ടതുണ്ട്. ആര്‍ക്കെങ്കിലും മൂളിക്കൊടുത്താലോ അവര്‍ തലചൊറിയും. ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗ്ള്‍.
നമ്മുടെ മനസിലുള്ള പാട്ട് മൂളിയോ, അതിന്റെ ഈണം വിസിലടിച്ചോ അത് ഏത് പാട്ടാണെന്ന് കണ്ടെത്താനായുള്ള സംവിധാനമാണ് ഗൂഗ്ള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്ള്‍ ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാകും ഫീച്ചര്‍ എത്തുക.ആപ്പ് തുറന്നതിന് ശേഷം സേര്‍ച്ച് ബാറിലെ മൈക്ക് ഐകണില്‍ ക്ലിക്ക് ചെയ്ത് “what’s this song’ എന്ന് പറയുക. അല്ലെങ്കില്‍ “Search a song” എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം 15 സെക്കന്‍ഡുകളോളം നിങ്ങളുടെ മനസിലുള്ള പാട്ട് മൂളുക. പാട്ട് ഞങ്ങള്‍ കണ്ടെത്തിത്തരുമെന്ന് ഗൂഗ്ള്‍ അവകാശപ്പെടുന്നു.
ഗൂഗ്ള്‍ ആപ്പ് വഴി പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് ഗൂഗ്ള്‍ അസിസ്റ്റന്റ് വഴിയും പാട്ടുകള്‍ കണ്ടെത്താന്‍ ശ്രമിക്കാം. ‘ഹേയ് ഗൂഗ്ള്‍ എന്ന് പറഞ്ഞ് അസിസ്റ്റന്റിനെ വരുത്തുക. ശേഷം “what’s this song’എന്ന് പറഞ്ഞാല്‍ നമ്മള് മൂളുന്നതിനായി അസിസ്റ്റന്റ് കാതോര്‍ക്കും. മനസിലുള്ള പാട്ട് മൂളിയാല്‍ അസിസ്റ്റന്റ് അത് ഏതാണെന്ന് സ്ക്രീനില്‍ കാണിച്ചുതരികയും ചെയ്യും. പരീക്ഷിച്ച് നോക്കിയ പാട്ടുകളില്‍ 90 ശതമാനവും ഗൂഗ്ള്‍ ശരിയായി കണ്ടെത്തിത്തരുന്നുമുണ്ട്.
”നിങ്ങള്‍ ചെറുതായി പാട്ട് മൂളിയതിന് ശേഷം മെഷീന് ലേണിങ് അല്‍ഗോരിതത്തിന്റെ സഹയത്തോടെ അത് ഏത് പാട്ടാണെന്ന് ഞങ്ങള്‍ കണ്ടെത്തും. പാട്ടിന്റെ ഈണം വളരെ കൃത്യമായി മൂളേണ്ട ആവശ്യം പോലുമില്ല. ട്യൂണിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായത് തന്നെ ഞങ്ങള്‍ പറഞ്ഞുതരും”. ഗൂഗ്ള്‍ സേര്‍ച്ചിന്റെ സീനിയര്‍ പ്രൊഡക്ട് മാനേജറായ കൃഷ്ണ കുമാര്‍ പറഞ്ഞു.