പാസ്പോർട്ട്‌ അപേക്ഷ എങ്ങനെ ഓൺലൈൻ ആയി സമർപ്പിക്കാം?? അറിയാം!!  

പാസ്‌പോര്‍ട്ട് എന്നത് ഏതൊരു വ്യക്തിയ്ക്കും ഏറെ പ്രധാനപ്പെട്ട ഒരു രേഖയാണ്. പഠനാവശ്യത്തിനായാലും, ജോലി സംബന്ധമായാലും ഇനി വെറുതേ സന്ദര്‍ശനത്തിനായാല്‍ പോലും വിദേശ രാജ്യത്തേക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് ഇല്ലാതെ സാധ്യമല്ല.പാസ്‌പോര്‍ട്ട് ലഭിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമില്ല എന്ന് നമുക്കെല്ലാം അറിയാം. സ്വന്തമായി പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി പല ഘട്ടങ്ങളിലൂള്ള നടപടികളിലൂടെ ഒരു പൗരന്‍ കടന്നുപോകേണ്ടതുണ്ട്.

പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഫീസിന് മുന്നില്‍ കാത്തുകെട്ടിക്കിടക്കുന്നതും സമയം കളയുന്നതുമൊന്നും ഇനി പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി ആവശ്യമില്ല എന്നൊരു സന്തോഷ വാര്‍ത്ത ഇനി നിങ്ങള്‍ അറിഞ്ഞോളൂ. ഇതുവരെ പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍, പാസ്‌പോര്‍ട്ട് ഓഫീസില്‍ ചെന്ന് അതിനായുള്ള നൂലാമാലകള്‍ ഓര്‍ക്കുമ്ബോള്‍ തന്നെ ആശങ്ക തോന്നുന്നുവെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ മനസ്സിലാക്കൂ.

ഓഫീസില്‍ ചെന്ന് ദീര്‍ഘ നേരം സമയം ചിലവഴിക്കാതെ തന്നെ ഇനി നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് രജിസ്‌റ്റ്രേഷന്‍ ചെയ്യാം. അതിനായുള്ള ലളിതമായുള്ള നടപടി ക്രിയകളാണ് ഇനി പറയുാവന്‍ പോകുന്നത്. നിങ്ങളുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുവാന്‍ സാധിക്കും. പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി ചെയ്യുന്നതിനായി സര്‍ക്കാര്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ passportindia.gov.in.സന്ദര്‍ശിച്ചാല്‍ മതിയാകും.

ഓണ്‍ലൈനായി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍ എന്തൊക്കെയാണ് നമുക്കിനി നോക്കാം.

ആദ്യം പാസ്‌പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റായ passportindia.gov.in ഓപ്പണ്‍ ചെയ്യുക. ശേഷം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വെരിഫിക്കേഷന് വേണ്ടി ക്യാപ്‌ചെ കോഡ് നല്‍കുക.
വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാം. തുടര്‍ന്ന് ഫ്രഷ് പാസ്‌പോര്‍ട്ട് / റീ ഇഷ്യൂ ഓഫ് പാസ്‌പോര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് അപ്ലിക്കേഷന്‍ ഫോറം ഫില്‍ ചെയ്യുക. ഫോറം ശരിയായി പൂരിപ്പിച്ചു കഴിഞ്ഞുവെന്ന് ഉറപ്പു വരുത്തിയതിന് ശേഷം അപ്ലോഡ് ഇ ഫോറം പേ ആന്റ് ഷെഡ്യൂള്‍ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്ത് അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യാം.
ശേഷം പ്രിന്റ് അപ്ലിക്കേഷന്‍ റിസീപ്റ്റ് എന്നത് ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ റിസിപ്റ്റിന്റെ പ്രിന്റ് ഔട്ട് എടുക്കാം. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഈ പ്രിന്റ് ഔട്ട് കോപ്പി സുരക്ഷിതമായി സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്.
നിങ്ങളുടെ പ്രദേശത്തെ പോസ്റ്റ് ഓഫീസ് സിഎസ്‌സി കൗണ്ടറുകള്‍ വഴിയും പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കും.

പാസ്പാര്‍ട്ട് ലഭിക്കുന്നതിനായുള്ള അപേക്ഷ നല്‍കുന്നതിനായി എന്തൊക്കെ രേഖകളാണ് അപേക്ഷകന്റെ പക്കല്‍ ഉണ്ടായിരിക്കേണ്ടത് എന്നറിയാമോ? നിങ്ങളുടെ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വിലാസം തെളിയിക്കുന്നതിനായി വൈദ്യുതി ബില്ലോ, മൊബൈല്‍ ബില്ലോ, വെള്ളക്കരമോ, ഗ്യാസ് കണക്ഷന്‍ പകര്‍പ്പോ എന്നിങ്ങനെയുള്ള രേഖകകള്‍ കൈവശമുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍, വെരിഫിക്കേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാം.

അതേ സമയം പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കി. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം.അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി. നിലവില്‍ ഒന്നുമുതല്‍ നാല് ദിവസം വരെയാണ് വേരിഫിക്കേഷന്‍ കാലാവധി. ഇതിന് ശേഷമാണ് ക്ലിയറന്‍സ് നല്‍കുന്നത്. എന്നാല്‍ സാധാരണ ഇതില്‍ മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ കാലാതാമസം ഉണ്ടാവാറില്ലെന്നതാണ് യാഥാര്‍തഥ്യം

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team