പുതിയ ഐഫോണിൽ ഇനി യൂ എസ് ബി കേബിൾ കാണില്ല!
ന്യൂയോര്‍ക്ക്: ടെക് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു ഐഫോണ്‍ 12ന്‍റെ ബോക്സില്‍ ചാര്‍ജര്‍ അഡാപ്റ്റര്‍ നല്‍കാത്ത ആപ്പിളിന്‍റെ തീരുമാനം. ഒപ്പം ഇയര്‍പോഡുകളും ആപ്പിള്‍ നല്‍കിയിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാര്യം പറഞ്ഞാണ് ആപ്പിള്‍ പുതിയ ഐഫോണിന് കൂടെ ചാര്‍ജര്‍ അഡാപ്റ്റര്‍ നിഷേധിച്ചത്. ഇതിനെതിരെ ആപ്പിള്‍ ആരാധകര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ബ്രസീല് പോലുള്ള ചില രാജ്യങ്ങളില്‍ ചാര്‍ജര്‍ ഇല്ലാത്തത് നിയമപോരട്ടങ്ങളിലേക്കും നീങ്ങി. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഐഫോണ്‍ 13 ന്‍റെ ബോക്സില്‍ ഒരു സാധനം കൂടി ആപ്പിള്‍ കുറയ്ക്കും എന്നാണ്. പ്രധാനമായും ആപ്പിള്‍ ഐഫോണ്‍ 12 വാങ്ങിയ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഈ കാര്യത്തിലേക്ക് ആപ്പിള്‍ എത്തിയത് എന്നാണ് 9 ടു 5 മാക് റിപ്പോര്‍ട്ട് ചെയ്യുന്നത്.പുതിയ ഉപയോക്താക്കളുടെ ചാര്‍ജിംഗ് രീതികള്‍വച്ച് ആപ്പിള്‍ അഡാപ്റ്റര്‍ ഇല്ലാതെ ഐഫോണ്‍ ബോക്സില്‍ നല്‍കുന്ന യുഎസ്ബി കേബിളും ഇനി നല്‍കേണ്ടതില്ലെന്നാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 13 ബോക്സില്‍ വരുന്ന മാറ്റം ഐഫോണ്‍ 12ല്‍ നിന്നും ഐഫോണ്‍ 13ലേക്ക് അപ്ഡേറ്റ് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്.അതേ സമയം ഐഫോണ്‍ 12ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഐഫോണിന്‍റെ ഫേസ് ഐഡിയെക്കാള്‍ ഉപയോക്താക്കള്‍ ഇഷ്ടപ്പെടുന്നത് ടച്ച് ഐഡിയാണെന്ന് വ്യക്തമായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മാറ്റത്തിന് അടുത്ത ഐഫോണില്‍ ആപ്പിള്‍ തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല.