പുതിയ പാസ്‌പോര്‍ട്ട് എടുക്കാൻ ആദ്യം ഡിജിലോക്കർ
പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്ന ഇന്ത്യക്കാര്‍ ഇനി മുതല്‍ ഡിജിലോക്കറില്‍ തിരിച്ചറിയല്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടി വരും. സര്‍ക്കാര്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന ഡിജിലോക്കര്‍ വഴിയാണ് പാസ്‌പോര്‍ട്ട് പരിശോധന നടക്കുക.
ഇതോടെ തിരിച്ചറിയല്‍ രേഖകളോ പകർപ്പോ കയ്യില്‍ കരുതാതെ തന്നെ പാസ്‌പോര്‍ട്ട് പരിശോധന നടത്താനുള്ള സൗകര്യവും അപേക്ഷകര്‍ക്കു ലഭിക്കും.പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ആദ്യമേ സര്‍ക്കാരിന്റെ ഡിജിലോക്കര്‍ സംവിധാനത്തിലേക്ക് തിരിച്ചറിയല്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടി വരും. ഇതിനു ശേഷം passportindia.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ ഡിജിറ്റല്‍ രേഖകള്‍ സഹിതം പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കാം
. ആധാര്‍ വഴി പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികള്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും ഡിജിലോക്കര്‍ സംവിധാനം ഉപയോഗിക്കേണ്ടതുണ്ട്.ഡിജിലോക്കര്‍ വഴി തിരിച്ചറിയല്‍ രേഖകള്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ രേഖകളോ പകര്‍പ്പോ അപേക്ഷകര്‍ കയ്യില്‍ കരുതേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിക്കുന്നു. ഇതോടെ അപേക്ഷകളില്‍ കുറഞ്ഞ സമയത്തില്‍ തീര്‍പ്പാക്കാനും സാധിക്കും. പാസ്‌പോര്‍ട്ട് അപേക്ഷകളിലുള്ള നടപടിക്രമങ്ങള്‍ ഇതുവഴി ലളിതവും കാര്യക്ഷമവുമാകുമെന്നാണ് കരുതപ്പെടുന്നത്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റല്‍ വോലറ്റ് സേവനമാണ് ഡിജിലോക്കര്‍. സര്‍ക്കാര്‍ പൗരന്മാര്‍ക്കായി അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ എല്ലാം ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്യാനാവും. ഡിജിലോക്കര്‍ വഴി എവിടെ നിന്നും ഡിജിറ്റല്‍ രേഖകള്‍ ഉപയോഗിക്കാനാവുമെന്നതാണ് ഗുണം. ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക്ഷീറ്റ്, വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിങ്ങനെ അത്യാവശ്യ രേഖകളെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാം.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു വേണം ഡിജിലോക്കര്‍ അക്കൗണ്ട് ആരംഭിക്കാന്‍. റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒടിപി അയക്കും. ഈ വണ്‍ടൈം പാസ്‌വേഡ് ഉപയോഗിച്ചു വേണം ഡിജിലോക്കര്‍ അക്കൗണ്ടിലേക്കു ലോഗിന്‍ ചെയ്യാന്‍. ഡിജിലോക്കര്‍ വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.