പുതിയ ലാപ്ടോപ് സീരിസുമായ് നോക്കിയ ഇന്ത്യൻ വിപണിയിൽ!
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി നോക്കിയ ലാപ്ടോപ്പ് സീരിസ് അവതരിപ്പിക്കുന്നു. നോക്കിയ ലാപ്‌ടോപ്പുകളെക്കുറിച്ച് കമ്ബനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിലെ (ബിഐഎസ്) ലിസ്റ്റിങ് അനുസരിച്ച് രാജ്യത്ത് നോക്കിയ ലാപ്‌ടോപ്പുകള്‍ വൈകാതെ എത്തിയേക്കും. നോക്കിയ ലാപ്ടോപ്പുകള്‍ മറ്റ് രാജ്യങ്ങളില്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയിലെ ജിയാങ്‌സുവില്‍ സ്ഥിതിചെയ്യുന്ന ചൈനീസ് ഫെസിലിറ്റിയിലാണ് നോക്കിയ ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുകയെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായല്ല നോക്കിയ ലാപ്ടോപ്പുകളുടെ മേഖലയിലേക്ക് കടക്കുന്നത്.2009ല്‍ കമ്പനി നോക്കിയ ബുക്ക്‌ലെറ്റ് 3ജി പുറത്തിറക്കിയിരുന്നു. മൊബൈല്‍ വിപണിയില്‍ ഒരു കാലത്ത് എതിരാളികളില്ലാത്ത വിധം ആധിപത്യം പുലര്‍ത്തിയ നോക്കിയ ഇപ്പോഴും മികച്ച ഡിവൈസുകള്‍ പുറത്തിറക്കികൊണ്ട് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സജീവമാണ്. നോക്കിയ ലാപ്‌ടോപ്പുകള്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഡാറ്റാബേസില്‍ കണ്ടെത്തിയത് അറിയപ്പെടുന്ന ടിപ്‌സ്റ്റര്‍ മുകുള്‍ ശര്‍മ്മയാണ്. ഇദ്ദേഹം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് കുറഞ്ഞത് 9 വ്യത്യസ്ത മോഡല്‍ നമ്പറുകളിലുള്ള ലാപ്ടോപ്പുകള്‍ ബിഐഎസിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. NKi510UL82S, NKi510UL85S, NKi510UL165S, NKi510UL810S, NKi510UL1610S, NKi310UL41S, NKi310UL42S, NKi310UL82S, NKi310UL85S എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ മോഡല്‍ നമ്പറുകള്‍.
മോഡല്‍ നമ്പറിലുള്ള എന്‍കെ എന്ന രണ്ട് അക്ഷരങ്ങള്‍ നോക്കിയ ബ്രാന്‍ഡിങിനെ സൂചിപ്പിക്കുന്നുവെന്നാണ് നോക്കിയമോബ്.നെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ള അക്കങ്ങളും അക്ഷരങ്ങളും പ്രോസസര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നതാവാനാണ് സാധ്യത. ഈ നോക്കിയ ലാപ്‌ടോപ്പുകള്‍ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. 2009ല്‍ പുറത്തിറങ്ങിയ നോക്കിയ ബുക്ക്‌ലെറ്റ് 3ജി നോക്കിയ എന്ന പഴയ കമ്ബനി പുറത്തിറക്കിയതാണ്. ഇപ്പോള്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഡാറ്റാബേസില്‍ കണ്ടെത്തിയ വരാനിരിക്കുന്ന നോക്കിയ ലാപ്‌ടോപ്പുകള്‍ നോക്കിയ ബ്രാന്‍ഡ് ലൈസന്‍സിയുള്ള പ്രൊഡക്ടുകളാണ്. നോക്കിയ ടിവികളും സ്ട്രീമിംഗ് ഡിവൈസുകളും ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമായതിനാല്‍ ലാപ്ടോപ്പുകളും ഇത്തരത്തില്‍ തന്നെയായിരിക്കും വിപണിയില്‍ എത്തുക. 2016 മുതല്‍ എച്ച്‌എംഡി ഗ്ലോബലാണ് നോക്കിയയുടെ ഉടമസ്ഥര്‍. നോക്കിയ ലാപ്ടോപ്പുകളുടെ ഒരു നിര തന്നെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്ബോഴും ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല. അധികം വൈകാതെ തന്നെ നോക്കിയയുടെ പുതിയ ലാപ്ടോപ്പുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.