പുതിയ സാഹചര്യങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍!
ലോകത്താകമാനം വ്യാപിച്ച കോവിഡ് ഇപ്പോൾ നമ്മുടെ നാടിനെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഈ കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും നിലവില്‍ ഓണ്‍ലൈനായി http://www.eemployment.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണ്.
ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ആഗസ്റ്റ് വരെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നിര്‍വഹിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് 27നകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതിയാകും.
2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
പൊതുജനങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ മുഖേനയുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടു കാര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്യുന്നത് നന്നാവും.