പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ് :ഇന്ന് മുതൽ എല്ലാ ഓഫീസുകളും ഇ -ഓഫീസ്  

മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും.

ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ ഫീസിനൊപ്പം തപാല്‍ ചാര്‍ജ് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും. ഇനി മുതല്‍ ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളില്‍ മാത്രം നേരിട്ട് ഹാജരായാല്‍ മതി.

സാരഥി സോഫ്റ്റ് വെയറില്‍ ചേര്‍ത്തിട്ടുള്ള ലൈസന്‍സുകള്‍ക്ക് വ്യക്തമായ കാഴ്ച/ മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്താല്‍ ഹിയറിംഗ് ആവശ്യമില്ല. ടാക്സ് ടോക്കണും പെര്‍മിറ്റും ഓണ്‍ലൈനായി പ്രിന്റ് എടുക്കാം.

പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ലൈസന്‍സ് പുതുക്കാം. ഇതിനായി അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഫീസടച്ചാല്‍ മതി. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് വിദേശത്തെ അംഗീകൃത ഡോക്ടര്‍മാരില്‍ കാഴ്ച/മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസന്‍സ്, വിസ, പാസ്പോര്‍ട്ട് മുതലയാവ) ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം.

ഇന്നുമുതല്‍ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും. പുക പരിശോധന ഏകീകൃത വാഹന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളാകും നല്‍കുക.

കൂടാതെ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ വാഹനിലും, പരിവാഹന്‍ ആപ്ലിക്കേഷനിലും ലഭിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ്് വിജയകരമായതിനെ തുടര്‍ന്ന് ഇത് തുടരും. നാല് ലക്ഷത്തോളം പേരാണ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഇതുവരെ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team