പൂര്‍ത്തീകരിക്കാനാവാത്ത ഇടപാടുകളില്‍ പണം അക്കൗണ്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തുന്നതായി CCPA!
ന്യൂഡല്‍ഹി: പൂര്‍ത്തീകരിക്കാനാവാത്ത ഇടപാടുകളില്‍ പണം അക്കൗണ്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തുന്നതായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിസിപിഎ റിസര്‍വ് ബാങ്കിനു കത്തയച്ചു.പൂര്‍ത്തീകരിക്കാനാവാത്ത ഇടപാടുകളില്‍ പണം അക്കൗണ്ടില്‍നിന്നു നഷ്ടമായിട്ടും കൃത്യസമയത്ത് തിരിച്ചുകിട്ടിയില്ലെന്നു കാണിച്ച് 2850 പരാതികളാണ് സിസിപിഎയ്ക്കു ലഭിച്ചതെന്ന് ചീഫ് കമ്മിഷണര്‍ നിധി ഖാരെ കത്തില്‍ ചൂണ്ടിക്കാട്ടി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് അതോറിറ്റിക്കു ലഭിച്ച പരാതികളില്‍ ഇരുപതു ശതമാനമാണിത്.പരാജയപ്പെട്ടതോ പൂര്‍ത്തീകരിക്കാനാവാത്തതോ ആയ ഇടപാടുകളില്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്കു പണം തിരിച്ചുനല്‍കുന്നുണ്ട്.എന്നാല്‍ ഇതു നിശ്ചിത സമയത്തു നല്‍കുന്നില്ല. നിശ്ചിത സമയത്തിനകം പണം അക്കൗണ്ടില്‍ തിരിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. ഇതു പാലിക്കപ്പെടുന്നില്ലെന്ന് കത്തില്‍ പറയുന്നു.പല ബാങ്കുകള്‍ ഉള്‍പ്പെട്ട ഐഎംപിഎസ്, യുപിഐ തുടങ്ങിയ ഇടപാടുകളിലും പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ പണം തിരിച്ച് അക്കൗണ്ടില്‍ എത്തിക്കുന്നതില്‍ താമസം വരുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിസിപിഎ സ്ഥാപിതമായത്. തെറ്റായ വ്യാപാര രീതികള്‍ തടയുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവയെല്ലാം അതോറിറ്റിയുടെ ലക്ഷ്യങ്ങളാണ്.