പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി  

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.

സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കുൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പോലെ തീർത്തും ജനകീയമായ ഒരിടപെടലാണ് വിദ്യാകിരണത്തിലൂടെയും സർക്കാർ ഉദ്ദേശിക്കുന്നത്.

ലോകമാകെയുള്ള വ്യക്തികൾ, സംഘടനകൾ, കമ്പനികൾ തുടങ്ങി എല്ലാവർക്കും ഇതുമായി സഹകരിക്കാം. വിദ്യാകിരണം പദ്ധതിയുടെ വെബ്‌സൈറ്റായ  https://vidyakiranam.kerala.gov.in ലൂടെ സഹായം ലഭ്യമാക്കാം. ഒരു പ്രദേശത്തെ സ്‌കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും ഇതിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. എത്ര കുട്ടികൾക്ക് പഠനോപകരങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം. ആവശ്യമായ സാമ്പത്തിക സഹായവും പോർട്ടലിലൂടെ തന്നെ നൽകാം.

കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്ന സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനുള്ള സംവിധാനവുമുണ്ട്. കേരളത്തിലാകെ എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ആവശ്യമാണ് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകൾ  തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിലും എത്ര കുട്ടികൾക്കാണ് അവ ആവശ്യമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വിദ്യാകിരണം വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം. വി. ഗോവിന്ദൻ മാസ്റ്റർ, പി. രാജീവ്, ആന്റണി രാജു, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team