പ്രണബ് മുഖർജിയ്ക്ക് വിട; പൂര്‍ണ ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു!  

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. നേരത്തെ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായി പ്രണബിന് അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരെല്ലാം രാജാജി മാർഗിലെ ഔദ്യോഗിക വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുതിർന്ന കോൺഗ്രസ് നേതാക്കളും മുതിർന്ന നേതാവിന് ആദരവർപ്പിച്ചു.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയാണ് രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരികരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team