പ്രധാനമന്ത്രി ജന്‍ധന്‍ യോജന ഏഴുവര്‍ഷം പൂര്‍ത്തിയാക്കി-43.04 കോടി അക്കൗണ്ടുകൾ!!
ന്യൂഡല്‍ഹി: സാമ്ബത്തിക ഉള്‍പ്പെടുത്തലിന്റെ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍) ഭാഗമായി ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പി.എം.ജെ.ഡി.വൈ) ഏഴുവര്‍ഷം പൂര്‍ത്തിയാക്കി.2014 ആഗസ്‌റ്റ് 15നാണ് നരേന്ദ്ര മോദി ജന്‍ധന്‍ പദ്ധതി പ്രഖ്യാപിച്ചത്. 2015 മുതല്‍ ഇതുവരെ ശരാശരി അക്കൗണ്ട് നിക്ഷേപം 1,279 രൂപയില്‍ നിന്ന് 6.38 മടങ്ങ് വര്‍ദ്ധിച്ച് 3,398 രൂപയിലെത്തി.
ഇക്കഴിഞ്ഞ ആഗസ്‌റ്റ് 18വരെയുള്ള കണക്കുപ്രകാരം 43.04 കോടി അക്കൗണ്ടുകളാണ് ജന്‍ധന്‍ യോജനയിലുള്ളത്. ഇതില്‍, 55 ശതമാനം (23.87 കോടി) വനിതാ അക്കൗണ്ടുകളാണ്. 67 ശതമാനം അക്കൗണ്ടുകള്‍ ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളില്‍. 86 ശതമാനം അക്കൗണ്ടുകളും സജീവവുമാണ്.
ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 1.46 ലക്ഷം കോടി രൂപ. എട്ടുശതമാനം അക്കൗണ്ടുകളില്‍ നിക്ഷേപം പൂജ്യമാണ്. ഇതിനകം 31 കോടി റൂപേ കാര്‍ഡുകള്‍ ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ജന്‍ധനില്‍ റൂപേ കാര്‍ഡുള്ളവര്‍ക്കുള്ള സൗജന്യ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒരുലക്ഷം രൂപയില്‍ നിന്ന് കേന്ദ്രം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. അഞ്ചുകോടിയോളം പേര്‍ ജന്‍ധന്‍ അക്കൗണ്ടുവഴിയാണ് ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്‌ഫര്‍ (ഡി.ബി.ടി) അടക്കം വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത്.