പ്രവാസികളുടെ അസാധുവായ പാൻകാർഡുകൾ ഓൺലൈനായി തന്നെ പ്രവർത്തനക്ഷമമാക്കാം.പണമിടപാടുകൾ തടസപ്പെടില്ല;  

പാൻ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ പലതവണ സമയം നീട്ടി നൽകിയിരുന്നു. 2023 ജൂൺ 30-വരെയാണ് പാൻകാർഡ് അപ്ഡേറ്റു ചെയ്യുന്നതിനുള്ള അവസാന തിയതി പ്രഖ്യാപിച്ചിരുന്നത്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം ലിങ്കിങ് പൂർത്തിയാക്കാത്ത പ്രവാസികളുടെ പാൻകാർഡ് അസാധുവായേക്കാം. എന്നാൽ പാൻ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാനാകും.

നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ചും പ്രവാസികൾക്ക് ഐടിആർ ഫയൽ ചെയ്യാനും ഓപ്ഷനുണ്ട്. എല്ലാ പാൻകാർഡ് ഉടമകളും അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന നേട്ടമുണ്ട്. ചില വ്യക്തികളെ ലിങ്കിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 1961 ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസി ഇന്ത്യക്കാർക്ക് ആധാർ ഇല്ലെങ്കിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചില പ്രവാസികളുടെ കൈവശമുള്ള പാൻകാർഡ് ജൂൺ 30ന് ശേഷം പ്രവർത്തനരഹിതമായെങ്കിൽ ശ്രദ്ധിക്കാം. ആദായനികുതി വകുപ്പിൻെറ രേഖകളിൽ ‘നോൺ റസിഡൻറ്’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പാൻകാർഡ് അസാധുവായേക്കും.ആദായ നികുതി വകുപ്പിൻെറ പോർട്ടലിലൂടെ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌താൽ ആധാർ ഇല്ലാത്ത എൻആർഐകളെ ലിങ്കിംഗ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. അതേസമയം ആധാർ എടുത്തിട്ടുള്ള പ്രവാസികൾക്ക് ഇളവ് ബാധകമല്ല. അവർ പാൻ കാർഡ് പിഴയടച്ച് ആധാറുമായി ലിങ്ക് ചെയ്യേണ്ടിവരും.

.എൻആർഐകൾ എന്തായാലും ‘നോൺ റസിഡൻറ്’ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. പാൻ പ്രവർത്തനരഹിതമായ എൻആർഐകൾക്ക് പാനും ആധാറും ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെങ്കിൽ ഇത് കാണിച്ച് ടാക്സ് ഓഫീസർക്ക് ഒരു അപേക്ഷയും സമർപ്പിക്കാം. കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നതിൻെറ വിശദാംശങ്ങൾ കാണിക്കുന്ന പാസ്‌പോർട്ട് പകർപ്പുകളും സമർപ്പിക്കാം.ഒരു എൻആർഐക്ക് റെസിഡൻഷ്യൽ സ്റ്റാറ്റസ് റസിഡൻറ് എന്നതിൽ നിന്ന് നോൺ റെസിഡൻറ് ആക്കുന്നതിന് അസസ്സിംഗ് ഓഫീസർക്ക് ഇമെയിലും അയക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലൂടെ ഓൺലൈനായി എളുപ്പത്തിൽ ചെയ്യാനുമാകും. റസിഡൻഷ്യൽ സ്റ്റാറ്റസ് മാറിക്കഴിഞ്ഞാൽ, പാൻ വീണ്ടും പ്രവർത്തനക്ഷമമാകും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team