ഫെലൂഡ കൊവിഡ്-19 പരിശോധനയ്ക്ക് ടാറ്റയുടെ ചെലവ് കുറഞ്ഞ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി
ഡൽഹി: കുറഞ്ഞ നിരക്കിൽ കൊവിഡ്-19 പരിശോധന ലഭ്യമാക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ‘ഫെലൂഡ’യ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ) അംഗീകാരം നൽകി. ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്‍റെയും (സിഎസ്‌ഐആർ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിബിയും)യുടെയും സഹകരണത്തോടെയാണ് ടാറ്റാ ഗ്രൂപ്പ് കൊവിഡ്-19 പരിശോധനയായ ഫെലൂഡ വികസിപ്പിച്ചെടുത്തത്.
തദ്ദേശീയമായി വികസിപ്പിച്ച സിആർഐഎസ്‌പിആർ (ക്ലസ്റ്റേർഡ് റെഗുലേർളി ഇന്റർസ്പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്സ്-CRISPR ) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ടെസ്റ്റ് ആണ് ഫെലൂഡ. രോഗങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ജീനോം എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് സിആർഐഎസ്‌പിആർ. ഐജിഐബി ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ആന്‍റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി-പിസിആർ പരിശോധനയുടെ കൃത്യത നൽകുന്നതാണ് സിആർഐഎസ്‌പിആർ പരിശോധന. അതായത് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താനാകും.
ഫെലൂഡ പരിശോധന കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നത് എടിത്തുപറയേണ്ടതാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ (ഐസിഎംആ) മാർഗ്ഗനിർദ്ദേശപ്രകാരം, 96 ശതമാനം സംവേദനക്ഷമതയും കൊറോണ വൈറസ് കണ്ടെത്തുന്നതിന് 98 ശതമാനം കഴിവും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവയുമാണ് സിആർഐഎസ്‌പിആർ പരിശോധനയെന്ന് ടാറ്റാ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ വൈറസ് കണ്ടെത്തുന്നതിന് പ്രത്യേകമായി വികസിപ്പിച്ചെടുത്ത കാസ് 9 പ്രോട്ടീൻ അടങ്ങിയ ലോകത്തിലെ ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധനയാണിത്.
കൊവിഡ് -19 കണ്ടെത്തുന്നതിനുള്ള ടാറ്റാ സിആർഎസ്‌പിആർ പരിശോധനയ്ക്ക് അംഗീകാരം നൽകുന്നത് ആഗോള ആരോഗ്യ സംരക്ഷണത്തിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്നും ടാറ്റ മെഡിക്കൽ ആന്റ് ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് സിഇഒ ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞു.