ഫേസ്ബുക്ക് റിലയന്‍സ് ജിയോയുടെ 43,574 കോടി രൂപ ഓഹരി വാങ്ങി!
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപയുടെ ഓഹരി ഫേസ്ബുക്ക് വാങ്ങി. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ ഫേസ്ബുക്കിന് കൂടുതല്‍ കരുത്തേകുമെന്ന് വിലയിരുത്തല്‍.
‘ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവം ആവേശകരമാണെന്നും. നാല് വര്‍ഷത്തിനുള്ളില്‍ 388 ദശലക്ഷത്തിലധികം ആളുകളെ ഓണ്‍ലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാര്‍ഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇനിയും കൂടുതല്‍ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ‘- ഫേസ്ബുക്ക് വ്യക്തമാക്കി.
2016 ല്‍ ജിയോ ആരംഭിച്ചതിനുശേഷം, അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ യുഎസ് ടെക് ഗ്രൂപ്പുകളുമായി മത്സരിക്കാന്‍ കഴിവുള്ള ഏക കമ്ബനിയായി റിലയന്‍സ് മാറി. ഇത് മൊബൈല്‍ ടെലികോം മുതല്‍ ഹോം ബ്രോഡ്‌ബാന്‍ഡ്, ഇകൊമേഴ്‌സ് വരെ വ്യാപിപ്പിക്കുകയും ചെയ്തു.
മ്യൂസിക് സ്ട്രീമിംഗ് സേവനമായ ജിയോസാവ്ന്‍, ഓണ്‍-ഡിമാന്‍ഡ് ലൈവ് ടെലിവിഷന്‍ സേവനമായ ജിയോ ടിവി, പേയ്‌മെന്റ് സേവനമായ ജിയോപേ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങളും റിലയന്‍സ് ജിയോയ്ക്ക് സ്വന്തമാണ്. ബെര്‍ണ്‍സ്റ്റൈനിലെ വിശകലന വിദഗ്ധര്‍ ജിയോയെ 60 ബില്യണ്‍ ഡോളറിലധികം വിലമതിപ്പുള്ള കമ്ബനിയായാണ് വിലയിരുത്തുന്നത്.