ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസം:ആമസോണിന്റെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു!
ഫ്യൂച്ചര്‍ ഗ്രൂപ്പിന് വലിയ ആശ്വാസം. ഫ്യുച്ചര്‍ റീട്ടെയില്‍ ലിമിറ്റഡും റിലയന്‍സ് ഗ്രൂപ്പും തമ്മിലുള്ള ലയന ഇടപാടുമായി ബന്ധപ്പെട്ട് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ നടപടികള്‍ സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. ഫ്യൂച്ചര്‍-റിലയന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് നാലാഴ്ചത്തേക്ക് അന്തിമ നടപടികള്‍ എടുക്കരുതെന്ന് എന്‍സിഎല്‍എടി, സിസിഐ, സെബി എന്നിവയുള്‍പ്പെടെയുള്ള എല്ലാ അതോറിറ്റികളോടും കോടതി ആവശ്യപ്പെട്ടു.
ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്ബനികളുടെയും അതിന്റെ പ്രമോട്ടറായ കിഷോര്‍ ബിയാനിയുടെയും മറ്റും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡല്‍ഹി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡും ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡും സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ബിയാനിയെയും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മറ്റ് ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടീസും സിംഗിള്‍ ബെഞ്ച് ഒഴിവാക്കിയിരുന്നു.
രാജ്യത്തെ മുന്‍നിര ചില്ലറ, മൊത്ത വിതരണ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് റീട്ടെയ്ല്‍ ഏറ്റെടുത്തത്. 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, ഹോള്‍സെയില്‍, വെയര്‍ഹൗസിങ്, ലോജിസ്റ്റിക്സ് എന്നിവയെല്ലാം റിലയന്‍സിന്റെ നിയന്ത്രണത്തിലാണ്.
ആവശ്യമുള്ള സമയത്ത് ആമസോണിന്റെ സഹായം ലഭിച്ചില്ലെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി ഈ വര്‍ഷം ആദ്യം വ്യക്തമാക്കിയിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുക്കുന്നത് തടയാനാണ് അമേരിക്കന്‍ കമ്ബനി ഇപ്പോള്‍ ശ്രമിക്കുന്നത്. റിലയന്‍സ് റീട്ടെയിലിനെ രക്ഷകരെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ക്ഷീണിപ്പിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തങ്ങള്‍ നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ച് ആമസോണുമായി എട്ട് തവണ ചര്‍ച്ച ചെയ്തതായും എന്നാല്‍ കടം നല്കിയവര് ഓഹരികള്‍ ആവശ്യപ്പെടുമ്ബോഴും ആമസോണ്‍ സഹായിച്ചില്ലെന്നും ബിയാനി പറഞ്ഞിരുന്നു.
ആമസോണിന്റെ ഹര്‍ജിയെ തുടര്‍ന്ന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്റര്‍ (എസ്ഐഎസി) റിലയന്‍സ്-ഫ്യൂച്ചര്‍ ഇടപാട് നവംബറില്‍ സ്റ്റേ ചെയ്തിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാര്‍ ലംഘിച്ചുവെന്നാണ് ആമസോണ്‍ പറഞ്ഞത്. കടക്കെണിയിലായ കമ്ബനിയെ സഹായിക്കുന്നതിന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് കമ്ബനിയില്‍ ഓഹരിയുള്ള ആമസോണിനോട് താന്‍ പരമാവധി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡില്‍ 5% ഓഹരികളാണ് ആമസോണിന്റെ കൈവശമുണ്ടായിരുന്നത്. ബിഗ് ബസാര്‍, ഈസിഡേ തുടങ്ങിയ എല്ലാ ഭക്ഷണ, പലചരക്ക് ശൃംഖലകളും ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന് കീഴിലാണ്. ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരികള്‍ 1500 കോടി രൂപയ്ക്കാണ് ആമസോണ്‍ വാങ്ങിയത്.