ഫ്‌ളിപ്കാര്‍ട്ടില്‍ കച്ചവടക്കാരുടെ എണ്ണത്തില്‍ 35% വര്‍ധനവ്!
മുംബൈ: ഫ്‌ളിപ്കാര്‍ട്ടില്‍ കച്ചവടക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. 2020ല്‍ മാത്രം 35 ശതമാനം അധികം കച്ചവടക്കാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കിയെന്ന് കമ്പനി അവകാശപ്പെട്ടു. മെട്രോകളിലും ടയര്‍ 3 നഗരങ്ങളിലും അതിന് താഴേക്കും കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു.
ദശലക്ഷക്കണക്കിന് ആളുകളാണ് കൊവിഡ് കാലത്ത് സാമൂഹിക അകലവും സുരക്ഷിതത്വവും മുന്‍നിര്‍ത്തി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചത്. ഇതാണ് കച്ചവടക്കാരുടെ എണ്ണം വര്‍ധിക്കാനും കാരണമായതെന്നാണ് കരുതുന്നത്. ലോക്ഡൗണിന് ശേഷം ഫ്‌ലിപ്കാര്‍ട്ടില്‍ 50 ശതമാനം ഉപഭോക്താക്കളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.ജൂലൈ – സെപ്തംബര്‍ കാലത്ത് ഇത് 65 ശതമാനമായി. തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പുതുതായി വന്ന കച്ചവടക്കാരില്‍ അധികവും ടയര്‍ 2, ടയര്‍ 3 നഗരങ്ങളായ തിരുപൂര്‍ ഹൗറ, സിറക്പൂര്‍, ഹിസാര്‍, സഹ്‌റന്‍പൂര്‍, പാനിപത്, രാജ്‌കോട് എന്നിവിടങ്ങളില്‍ നിന്നാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പാഠ്യോപകരണങ്ങളുമാണ് ഈ കാലത്ത് പ്രധാനമായും വിറ്റഴിച്ചത്.