ബാങ്ക് എഫ്ഡിയേക്കാൾ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതി
രാജ്യത്തെ സാധാരണക്കാർക്കിടയിൽ ഏറ്റവും അധികം ജനപ്രീതി ലഭിച്ച രണ്ട് നിക്ഷേപ പദ്ധതികളാണ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളും. സ്ഥിര വരുമാനം നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതിനാൽ തന്നെ പോസ്റ്റ്ഓഫീസ് പദ്ധതികളാണ് കൂടുതൽ സുരക്ഷിതം. ബാങ്കുകൾ നൽകുന്ന എഫ്ഡി പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശനിരക്ക് നൽകുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് (POTD). അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ജൂലൈ – സെപ്റ്റംബർ കാലയളവിൽ അഞ്ച് വർഷക്കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് നിക്ഷേപങ്ങൾക്ക് 7.5 ശതമാനം നിരക്കിലാണ് പലിശ നൽകുന്നത്.
ബാങ്കുകളിലെ ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതികൾക്ക് സമാന രീതിയിലുള്ള നിക്ഷപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്. നിശ്ചിതമായ പലിശ നിരക്കിൽ അഞ്ച് വർഷ കാലയളവിലേക്ക് നിക്ഷേപിക്കുക എന്നതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് പദ്ധതികളിൽ റിസ്‌ക് ഘടകങ്ങൾ ഒന്നും തന്നെയില്ല. ഇതിനാൽ തന്നെ ലാഭം ഉണ്ടെന്ന് ഉറപ്പ് വരുത്താം. പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന്റെ അഞ്ച് വർഷ കാലാവധിയിലേക്കുള്ള ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പരമാവധി തുക പരിധിയില്ല.2023 ജൂലൈ – സെപ്റ്റംബർ മാസത്തിലെ അഞ്ച് വർഷ കാലാവധിയിലേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന് 7.5 ശതമാനം പലിശയാണ് നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ ബാങ്ക് ഓഫ് ബറോഡ (6.5%), ബാങ്ക് ഓഫ് ഇന്ത്യ (6%), ബാങ്ക് ഓഫ് മഹാരാഷ്‌ട്ര (5.75%), കാനറ ബാങ്ക് (6.7%), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (6.25%), ഇന്ത്യൻ ബാങ്ക് (6.25%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (6.5%), പഞ്ചാബ് നാഷണൽ ബാങ്ക് (6.5%), പഞ്ചാബ് & സിന്ധ് ബാങ്ക് (6.25%), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (6.5%), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (6.7%) എന്നിങ്ങനെയാണ് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ അഞ്ചു വർഷ കാലാവധിയിലേക്കുള്ള പലിശ നിരക്കുള്ളത്.