ബിഎസ്എൻഎൽ 4ജി സൈറ്റുകൾ വിന്യസിക്കുന്നു;
ന്യൂഡൽഹി: ബിഎസ്എൻഎല്ലിൻെറ പുതിയ 4ജി സൈറ്റുകൾ പഞ്ചാബിൽ എത്തുന്നു. 200 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ ആണ് ശനിയാഴ്ച അവതരിപ്പിക്കുന്നത് . പഞ്ചാബിലെ അമൃത്‌സർ, ഫിറോസ്പുർ, പത്താൻകോട്ട് എന്നിവിടങ്ങളിൽ ആണ് പുതിയ 4ജി സൈറ്റുകൾ എത്തുന്നത്.ടാറ്റ കൺസൾട്ടൻസി സർവീസസിൻെറ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ നെറ്റ്‌വർക്ക് സൈറ്റുകൾ വിന്യാസിക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് രാജ്യവ്യാപകമായി ഒരു ലക്ഷം 4ജി സൈറ്റുകൾ വിന്യസിക്കാനും പ്രവർത്തിപ്പിക്കാനും ബിഎസ്എൻഎലിൽ നിന്ന് അംഗീകാരം നേടിയിരുന്നു. കഴിഞ്ഞ മാസമാണ് മന്ത്രിസഭാനുമതി ലഭിച്ചത്.ബിഎസ്എൻഎലിൻെറ ഒരു ലക്ഷം 4ജി സൈറ്റുകൾക്കായി ടിസിഎസിനും സർക്കാർ ഉടമസ്ഥതയിലുള്ള ഐടിഐ ലിമിറ്റഡിനുമാണ് കരാർ ലഭിച്ചത്.
15,000 കോടിയിലധികം രൂപയുടെ മുൻകൂർ പർച്ചേസ് ഓർഡർ ആണ് കമ്പനിക്ക് ലഭിച്ചത്. മൊത്തം സൈറ്റുകളിൽ 20 ശതമാനം ഐടിഐ വിന്യസിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ മുതൽ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് വിന്യസിച്ചേക്കും എന്നാണ് സൂചന. 12 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.