ബയോടെക്നോനോളജി നിക്ഷേപ സാധ്യത വർധിപ്പിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: ബയോടെക്‌നോളജിയില്‍ ഗവേഷണത്തിനൊപ്പം സംരംഭകത്വം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ (മെഡ്സ് പാര്‍ക്ക്) ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജൈവ സാങ്കേതികവിദ്യയില്‍ വളര്‍ച്ച കൈവരിക്കാനുള്ള സവിശേഷ സാഹചര്യം സംസ്ഥാനത്തുണ്ട്. ബയോടെക്‌നോളജിയില്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്ന വ്യാവസായിക അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കും. ഈ രംഗത്ത് സ്‌റ്റാര്‍ട്ട്‌അപ്പുകള്‍ക്കു പ്രത്യേക പ്രോത്സാഹനം നല്‍കും.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 1,200 പേര്‍ക്കു നേരിട്ടും 5,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്ബോള്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ രംഗത്ത് കേരളം സ്വയംപര്യാപ്തതയിലെത്തുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഡെപ്യൂട്ടി സ്‌പീക്കര്‍ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുത്തു.