ബിറ്റ്കോയിന്‍ പുതിയ ഉയരത്തിലേക്ക്!  

ലണ്ടന്‍: ആഗോളതലത്തില്‍ ഓഹരി,​ കടപ്പത്ര വിപണികളുടെ തകര്‍ച്ച മുതലെടുത്ത് ബിറ്റ്കോയിന്‍ പുതിയ ഉയരത്തിലേക്ക് മുന്നേറുന്നു. സാങ്കല്പിക കറന്‍സിയായ ബിറ്റ്‌കോയിന്റെ വില ഇന്നലെ 24,​000 ഡോളര്‍ കടന്നു. റീട്ടെയില്‍ (വ്യക്തിഗത)​ നിക്ഷേപകര്‍ മാത്രമല്ല,​ വന്‍കിട നിക്ഷേപക സ്ഥാപനങ്ങളും ബിറ്റ്‌കോയിന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ്.ഡിസംബര്‍ 17നാണ് വില 23,​000 ഡോളര്‍ മറികടന്നത്. 2020ല്‍ ഇതുവരെ ബിറ്റ്‌കോയിന്‍ വില വര്‍ദ്ധന 233 ശതമാനമാണ്. കമ്ബ്യൂട്ടര്‍ കോഡുകളാല്‍ സൃഷ്‌ടിക്കപ്പെട്ട സാങ്കല്‌പിക നാണയങ്ങളാണ് ക്രിപ്‌റ്റോ കറന്‍സികള്‍ അഥവാ ഡിജിറ്റല്‍ നാണയങ്ങള്‍ എന്നറിയപ്പെടുന്നത്. ഈയിനത്തില്‍ ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് ബിറ്റ്‌കോയിനാണ്.അമേരിക്കയിലും യൂറോപ്പിലും ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലും മറ്റും ബിറ്റ്കോയിന് അംഗീകാരമുണ്ട്. സാധാരണ കറന്‍സി നോട്ടുകളെ പോലെ, ഇവ ഉപയോഗിച്ച്‌ ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ ഈ രാജ്യങ്ങള്‍ അനുവദിക്കുന്നുമുണ്ട്. അതേസമയം, ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയമപരമായ പരിരക്ഷയില്ല. കൂടുതല്‍ രാജ്യങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള വിനിമയം (ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാനുള്ള അനുവാദം)​ നിയമാനുസൃതമാക്കുമെന്ന സൂചനകളും ഇതിന്റെ പ്രിയം വര്‍ദ്ധിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team