ബിറ്റ്‌കോയിനില്‍ 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി ടെസ്‌ല!
ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചുയരുകയാണ്. ബിറ്റ്‌കോയിനില്‍ 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡിലെത്തിച്ചു. വിവാദങ്ങളുടെ പങ്കാളിയായ ബിറ്റ്‌കോയിനെ പരസ്യമായി പിന്തുണയ്ക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്ബനിയാണ് ഇപ്പോള്‍ ടെസ്‌ല. തിങ്കളാഴ്ച്ച സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങ്ങിലാണ് ടെസ്‌ല ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനുള്ള നിക്ഷേപം വെളിപ്പെടുത്തിയത്.
ടെസ്‌ലയുടെ നിക്ഷേപ വിവരം പുറത്തുവന്നതോടെ ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനത്തോളം വര്‍ധിച്ചു; ചരിത്രത്തില്‍ ആദ്യമായി 44,000 ഡോളര്‍ നാഴികക്കല്ല് ബിറ്റ്‌കോയിന്‍ മറികടന്നു.വൈകാതെ ഉപഭോക്താക്കള്‍ക്ക് ബിറ്റ്‌കോയിന്‍ നല്‍കിയും ടെസ്‌ല കാറുകള്‍ വാങ്ങാമെന്ന പ്രഖ്യാപനവും കമ്ബനി നടത്തിയിട്ടുണ്ട്.
ടെസ്‌ലയില്‍ നിന്നും ഇലോണ്‍ മസ്‌കില്‍ നിന്നും ലഭിക്കുന്ന പരസ്യമായ പിന്തുണ ബിറ്റ്‌കോയിന്റെ അതിവേഗ വളര്‍ച്ചയില്‍ നിര്‍ണായകമാവുകയാണ്. ഇതേസമയം, അനധികൃത പണമിടപാടുകള്‍ക്കും സാമ്ബത്തിക തട്ടിപ്പുകള്‍ക്കും ബിറ്റ്‌കോയിന്‍ വഴിതെളിക്കുമെന്ന് ലോകമെങ്ങുമുള്ള സാമ്ബത്തിക വിദഗ്ധകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്തായാലും ടെസ്‌ലയുടെ നീക്കം മുന്‍നിര്‍ത്തി കൂടുതല്‍ കമ്ബനികള്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവരുമെന്നാണ് നിരീക്ഷണം. 2022 അവസാനത്തോടെ അമേരിക്കന്‍ ഓഹരി വിപണിയിലുള്ള 500 വലിയ കമ്ബനികളില്‍ (എസ് ആന്‍ഡ് പി 500) 10 ശതമാനമെങ്കിലും ബിറ്റ്‌കോയിനിലേക്ക് തിരിയുമെന്ന പ്രവചനം വന്നു കഴിഞ്ഞു.
നിലവില്‍ ടെസ്‌ലയെ കൂടാതെ ഒരുപിടി സ്ഥാപനങ്ങളും ബിറ്റ്‌കോയിനില്‍ പണമിറക്കിയിട്ടുണ്ട്. മൈക്രോസ്ട്രാറ്റജി ഇന്‍കോര്‍പ്പറേഷന്‍ 1.1 ബില്യണ്‍ ഡോളറാണ് ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ സ്‌ക്വയര്‍ ഇന്‍കോര്‍പ്പറേഷന്‍ 50 ബില്യണ്‍ ഡോളര്‍ നല്‍കി ബിറ്റ്‌കോയിനുകള്‍ വാങ്ങുകയുണ്ടായി.
ഇതൊക്കെയാണെങ്കിലും ബിറ്റ്‌കോയിന്റെ അസാധാരണ വളര്‍ച്ചയെ പുരികം ചുളിച്ചാണ് ആഗോള വിപണി ഉറ്റുനോക്കുന്നത്. ബിറ്റ്‌കോയിനെന്ന ‘കുമിള’ വൈകാതെ പൊട്ടുമെന്ന് പലരും കരുതുന്നു. ഇതേസമയം, വന്‍കിട നിക്ഷേപകരുടെ പിന്തുണയും ദീര്‍ഘകാല നിക്ഷേപകരുടെ താത്പര്യവും ബിറ്റ്‌കോയിന്റെ മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് മറ്റൊരു പക്ഷത്തിന്റെ വാദം.
പറഞ്ഞുവരുമ്ബോള്‍ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യയിലും ബിറ്റ്‌കോയിന് പ്രചാരമേറെയാണ്. രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്‌കോയിനില്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും വൈകാതെ ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ വിലക്ക് വരും. ക്രിപ്റ്റോകറന്‍സികള്‍ വിലക്കി പകരം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.