ബിസിനസ്സ് വിജയത്തിലെ കുടുബ തത്വ(ന്ത്ര)ങ്ങള്‍ !
| റിയാസ് കുങ്കഞ്ചേരി | (doctorial fellow in branding)
(ഈ വായനയില്‍ കുടുംബിനികള്‍ കൂടെ ചേരേണ്ടത് വായന അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ അനിവാര്യം!)
‘ബിസിനസ്സ്’എന്ന വാചകത്തിന്റെ അര്‍ത്ഥതലങ്ങള്‍ അനിര്‍വ്വചനീയമാണ്. ആയത് അതിന്റെ ഔന്നിത്യത്തിനു വേണ്ടിയുള്ള വിഷനും മിഷനും പിന്നാലെ വ്യക്തമായ പ്ലാനിംഗോടെയും കര്‍ഷനമായ ചട്ടക്കൂടുകളിലൂടെയും നീങ്ങുന്നതിനാല്‍ ഏറെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുടെ ഈണങ്ങളില്‍ താളം തേടിയാണ് ഒഴുകുന്നത്.
ബിസിനസ്സുകാര്‍ക്കെപ്പോഴും കൂടുതല്‍ മെച്ചപ്പെടുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ആലോചിക്കാനില്ല. മികച്ചത് കൈവരിക്കാന്‍ പലരും കഠിനാധ്വാനികളാവും, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവും, മൂലധനത്തിനായയുള്ള അലച്ചില്‍ അല്ലെങ്കില്‍ നാം കീഴ്‌വഴക്കങ്ങളിലൂടെ നേടിയെടുത്ത ‘റോളിംഗ്’ എന്ന സമ്പ്രദായത്തിന്റെ കെട്ടുപിണച്ചിലില്‍ അടയിരിക്കും. മറ്റു ചിലര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ ബിസിനസ്സിനായി തേടും. അല്ലെങ്കില്‍ അവ മൂര്‍ച്ച കൂട്ടാന്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍, ബിസിനസ്സ് ക്ലാസുകള്‍, പുതിയ കാലത്തിന്റെ ബിസിനസ്സ് രീതികള്‍, സൈദ്ധാന്തികമായ തത്വ സംഹിതകള്‍ എന്നിവയിലേക്ക് അടുപ്പം കാണിക്കും.
എന്നാല്‍ സത്യം ‘ചോക്കു മലയിലിരിക്കുന്നവന്‍ ചോക്കന്വേഷിച്ച് പോവുന്നപോലെ’യാണ് കാര്യങ്ങള്‍.
ബിസിനസ്സിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമല്ലാതെ ഏറ്റവും ലളിതവത്കരിച്ചുകൊണ്ട് കൈനനയാതെ മീന്‍ പിടിക്കാനിറങ്ങാന്‍ പറ്റിയ മേഖലയല്ല ബിസിനസ്സ്. ആയതുകൊണ്ടു തന്നെയാണ് ഇതു നമ്മുടെ ജീവിതത്തെ വിജയരഥങ്ങളില്‍ ഏറ്റുന്നതും, കടക്കെണിയിലേക്ക് വലിച്ചെറിഞ്ഞ് നമ്മെ ഒതുക്കിക്കളയുന്നതുമാണ്. ഈ ഒതുക്കലിന് ബിസിനസ്സിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആത്മാര്‍ത്ഥമല്ലാത്ത പ്രവര്‍ത്തനങ്ങളും അര്‍പ്പണബോധമില്ലായ്മയും, അത് ഞാന്‍ വലിയൊരു തുക നിക്ഷേപിച്ചതാണല്ലോ- അതതിന്റെ വഴിക്ക് നടന്നോളുമെന്നും പറഞ്ഞ് മാറിനില്‍ക്കുകയും ചെയ്യുന്ന മുതലാളിമാരെയെല്ലാം സ്ഥാപനങ്ങള്‍ അതില്‍ നിന്നും പാടേ മാറ്റിനിര്‍ത്തിയ ചരിത്രങ്ങളേ നമുക്കു ചുറ്റുമുള്ളൂ. ഇത്തരത്തില്‍ ബിസിനസ്സില്‍ വിജയിച്ചു കയറാന്‍ വേണ്ടി കഷ്ടപ്പെടുന്ന ‘സ്ട്രഗ്ഗ്ള്‍സ് ഫോര്‍ എക്‌സിസ്റ്റന്‍സ്’ എന്ന ബിസിനസ്സ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന തത്വത്തില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരപ്രക്രിയകളിലേക്ക് നാം നീങ്ങുന്നു. ഈ പ്രക്രിയയുടെ ഭാഗമായി നാം മേല്‍ പറഞ്ഞ രീതിയിലുള്ള പഠനങ്ങളില്‍ വ്യാപൃതരാവുന്നു.
അപ്പോള്‍ നാം പഠനങ്ങളില്‍ നിന്നും ഒന്നും നേടുന്നില്ലേ? ‘‘ചോക്കുമല’’ എവിടെയാണ്?
നാം പഠനങ്ങളില്‍ നിന്നും നിരവധി നേടുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തി പഥത്തില്‍ എത്തുമ്പോള്‍ എവിടെ നമുക്ക് കാലിടറുന്നു എന്നത് തിരിച്ചറിയാന്‍ പറ്റാതെ പോവുന്നു എന്നതു തന്നെയാണ് വിജയത്തിന് എല്ലാ ഒരുക്കൂട്ടലുകളും നടത്തിയവര്‍ പോലും പരാജയപ്പെടുമ്പോള്‍ നമുക്ക് കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്തത്.
ഇവിടെ നമ്മുടെ ഏറ്റവും വലിയ ശക്തി; ചോക്കുമല എന്നത് നമ്മുടെ ‘‘കുടുംബം’’ തന്നെയാണ്. നമ്മുടെ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരങ്ങള്‍ തുടങ്ങിയ കുടുംബ ബന്ധങ്ങള്‍ പലപ്പോഴും നാം പാടെ അവഗണിച്ചാണ് ബിസിനസ്സ് മേഖലകളിലെ തിരക്കുകളില്‍ വ്യാപൃതരാവാറ്. എപ്പോഴും നമ്മള്‍ ബിസിനസ്സിലെ റിസ്‌കുകള്‍, ടെന്‍ഷനുകള്‍, പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ആവലാധികളും തലയില്‍ പേറി മസ്തിഷ്‌കത്തോട് കൂറ് പുലര്‍ത്താത്ത രീതിയില്‍ അതിന് പ്രഷര്‍ നല്‍കി കുടുംബത്തില്‍ വന്ന് അതിന്റെ അസ്വാസ്ഥ്യതകള്‍ പ്രകടിപ്പിച്ച് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടാനാഗ്രഹിക്കുകയും തത്ഫലമായി നമുക്കു ചുറ്റും ആളൊഴിയുകയും ചെയ്യുന്നു.
നാമിങ്ങനെ ഒഴിഞ്ഞുമാറി പ്രശ്‌ന സങ്കുചിതമായ ബിസിനസ്സിലെ പ്രയാസങ്ങള്‍ കുടുംബത്തിലേക്ക് പറിച്ചു നടേണ്ടതാണോ?
‘‘പിന്നെന്തു വേണം ഹേ? വീട്ടുകാര്‍ വന്ന് ബിസിനസ്സിലെ പ്രശ്‌നങ്ങളെല്ലാമങ്ങ് തീര്‍ത്തു തരുമോ? ’’-
ഇത് നിങ്ങല്‍ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അവര്‍ വന്നു തീര്‍ത്തു തരുമെന്നല്ല; അവിടെ നിങ്ങള്‍ നല്ലൊരു ബിസിനസ്സ്മാന്റെ നിരീക്ഷണ പാഠവം കാണിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ആ വലിയ ‘‘മാജിക്’’; ആ വലിയ ‘‘ശക്തി’’- അതു തിരിച്ചറിയാന്‍ സാധിക്കും. സത്യത്തില്‍ നല്ലൊരു നിരീക്ഷണ പാഠവമില്ലാത്തൊരാള്‍ക്ക് എങ്ങിനെ നല്ലൊരു ബിസിനസ്മാനാവാന്‍ സാധിക്കും?- കഴിയില്ല!.
പിന്നെന്തുകൊണ്ട് കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ നിരീക്ഷണവിധേയമാക്കി കണ്ടെത്തിക്കൂടാ? പ്രവൃത്തിപഥത്തിലേക്ക് തത് പ്രചോദനങ്ങളെ ദത്തെടുത്ത് വളര്‍ത്തിക്കൂടാ? നമ്മുടെ ബിസിനസ്സിലെ എല്ലാ മേഖലകളിലും വ്യക്തമായ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ട്. അത് തന്മയത്തോടെ വളരെ ലഘുവായ കാര്യങ്ങൡലക്ക് ഒതുക്കി ഒന്നിനെയും ഊതിപ്പെരുപ്പിച്ച് പ്രശ്‌നസങ്കീര്‍ണ്ണമാക്കാത്ത ബിസിനസ്സുകാരുണ്ട്. ഇവരിലെല്ലാം വ്യക്തമായ ഫാമിലി സപ്പോര്‍ട്ടും തന്റെ കുടുംബത്തെ കൈകാര്യം ചെയ്യുന്നതുപോലെ സ്ഥാപനത്തെ ഭദ്രമാക്കിയൊരുക്കുന്ന രീതിയും കാണാന്‍ സാധിക്കും.
എന്താണ് ബിസിനസ്സിലെ പ്രശ്‌നങ്ങള്‍ എന്നുമാത്രം നാം ഏതൊരു സംരംഭം തുടങ്ങിയവരെയും പഠിപ്പിക്കേണ്ടതില്ല; മറ്റെല്ലാ വിജയ ഘടകങ്ങളെയും അവന്‍ തേടിപ്പോവുമ്പോഴും. അതെ, അത്ര വലുതുതന്നെയാണ് ബിസിനസ്സിലെ പ്രശ്‌നങ്ങള്‍.
പ്രശ്‌നങ്ങള്‍ പലവിധമാവാം. സാമ്പത്തികമാവാം, തൊഴിലാളികളുടെ കാര്യത്തിലാവാം, വിപണനത്തിന്റെ കാര്യത്തിലാവാം, പുതിയ ആശയങ്ങളുടെ ദൗര്‍ബല്യത്തിലാവാം, പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെന്നുന്നതിലാവാം, ഉല്‍പ്പാദനത്തിന്റ കാര്യത്തിലോ ഉല്‍പ്പന്ന വൈവിദ്ധ്യവത്കരണത്തിന്റെ കാര്യത്തിലോ പോലുമാവാം. കോമ്പറ്റീഷന്‍ ഒരു പരിധിവരെ നമ്മുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യുന്നു. ഓഫ് സീസണെന്ന ഭീകര കാലത്തെക്കുറിച്ച് നമുക്ക് ചിന്തിച്ചാല്‍ തലകറക്കമായിരിക്കും. സ്റ്റോക്ക് പര്‍ച്ചേസിങ്ങെന്ന ബാലികേറാമല മുന്നില്‍ കാണുമ്പോഴുള്ള അസ്വാസ്ഥ്യതയും കുഴച്ചിലുമാവാം ……..
പക്ഷേ, ഇതൊക്കെ നേരിടാതെന്തു ബിസിനസ്സ്!
അപ്പോള്‍ എങ്ങിനെ നമുക്കിതിനെ ഇന്നു ലഭ്യമായതില്‍ വച്ചേറ്റവും ചിലവു കുറഞ്ഞതും ഏറ്റവും ഫലപ്രദവുമായ രീതിയില്‍ കൈകാര്യം ചെയ്യാം ?
നമുക്കു നിരീക്ഷിക്കാം:
1- കുടുംബത്തില്‍ നിന്നും അച്ഛനും അമ്മയും നമുക്കുതരുന്ന ലാളന, സ്‌നേഹം, സുരക്ഷിതത്വം, ഉപദേശ നിര്‍ദ്ദേശങ്ങള്‍, കൈത്താങ്ങായി നില്‍ക്കല്‍, ഏതറ്റംവരെയു നമുക്കൊപ്പമുണ്ടവുമെന്നത്, നമുക്കു വേണ്ടി മറ്റാരോടും സംവദിക്കല്‍, വിനയം, തന്‍മയത്വം, ഉത്തരവദിത്വം, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിങ്ങള്‍ക്കൊപ്പം നിലകൊള്ളല്‍, രാത്രി എത്ര വൈകിയാലും കത്തിരിക്കുന്ന, തിരഞ്ഞ് വന്ന് തേടിപ്പിടിക്കുന്ന പ്രവണതകള്‍ തുടങ്ങി അവര്‍ നമുക്കായി കാട്ടിത്തരുന്ന ഗുണകണങ്ങള്‍ കുടുംബാന്തരീക്ഷങ്ങളില്‍ നിന്നും ലഭിക്കുന്ന അതേ രീതിയില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും നിങ്ങള്‍ നടപ്പിലാക്കുക.
2- ഒരു സുപ്രഭാതം തുടങ്ങുന്നതും ആ പ്രശ്‌ന സങ്കീര്‍ണ്ണമായ ദിനം അവസാനിക്കുന്നതും നിങ്ങളുടെ ഭാര്യയുടെ ഐശ്വര്യമായ മുഖത്തു നിന്നുമാണെന്നതിനാല്‍ നിങ്ങളുടെ ബിസിനസ്സ് ജീവിതത്തില്‍ വളരെ ഇന്‍ഫ്‌ളുവന്‍സ് ചെലുത്തുന്ന അഭിവാജ്യ ഘടകമാണ് അവള്‍. ഒരു ദിവസത്തെ എത്രത്തോളം ശക്തവും ഊര്‍ജ്ജസ്വലവുമാവാമെന്നും വൈകീട്ട് സങ്കര്‍ഷഭരിതമായി എത്തുമ്പോഴും തികഞ്ഞ പുഞ്ചിരിയോടെ നിങ്ങളെ എതിരേറ്റ് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവു വരുത്തി ബിസിനസ്സിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു ഇടവേള നല്‍കി നിങ്ങളെ റീച്ചാര്‍ജ് ചെയ്ത് ശക്തമാക്കിയെടുക്കുന്ന ഭാര്യയെന്ന ഇന്‍സ്പിരേഷന്‍ ഓരോ ദിവസവും നിങ്ങളെ ഫ്രഷ് ആക്കി നിര്‍ത്തുന്നതില്‍ ഉള്ള സ്വാധീനം മനസ്സിലാക്കുക! ഭാര്യയിലെ സംഘാടന മികവ് തന്നെയാണ് നാം ബിസിനസ്സിലെ റിസ്‌ക് മാനേജ്‌മെന്റിന് ഏറിയകൂറും ഉപയോഗിക്കേണ്ടത്.
3- വീട്ടിലെ ഏറ്റവും നല്ല മാനേജറായ നിങ്ങളുടെ ഭാര്യ എങ്ങിനെ കുടുംബത്തെ കൃത്യതയോടെയും കണിശതയോടെയും പരാധികളൊന്നുമില്ലാതെയും ഉള്ളവയെത്തന്നെ ഊതിപ്പെരുപ്പിച്ച് മറ്റുള്ളവരുടെ മുമ്പില്‍ തങ്ങളെത്തന്നെ മോശക്കാരാക്കാനോ നോക്കാതെ പുറത്തേക്ക് എപ്പോഴും നല്ല സന്ദേശങ്ങളെ, നല്ല വാര്‍ത്തകളെ എത്തിക്കാന്‍ മാത്രം ശ്രമിക്കുന്നതിലെ സ്ഥാപനത്തിന്റെ ഗുഡ്‌വില്‍ ഉയര്‍ത്താന്‍ സഹായിക്കുന്ന നല്ല വശങ്ങള്‍ നാം തിരിച്ചറിയാതെപോവുന്നോ? ഇതൊക്കെ ഇത്ര നല്ല പ്രാക്ടിക്കല്‍ വശത്തിലൂടെ എത്ര ലളിതമായി മനസ്സിലാക്കാന്‍ സാധിക്കും?
വീട് എത്രത്തോളം മനോഹരമായി നിലനിര്‍ത്തണം, സൂക്ഷമത പുലര്‍ത്തണം, വൃത്തിയായിരിക്കണം, വ്യത്യസ്ഥമായിരിക്കണം, ഈടുറ്റതായിരിക്കണം, ദൃഢതയുള്ളതായിരിക്കണം എന്നു തുടങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളിലും അവര്‍ മാനേജറുടെ നൈപുണ്യം കാണിക്കുന്നു. നിങ്ങളുടെ എ ടു സട്. വരെയുള്ള കാര്യങ്ങള്‍ അവരെങ്ങിനെ നിര്‍വ്വഹിക്കുന്നു എന്നതില്‍ നിന്നും നിങ്ങളെ ശരിയായ ദിശയില്‍ കുടുംബത്തിന്റെ ലക്ഷ്യബോധം ചോര്‍ത്താതെ നിലനിര്‍ത്തി അതിലേക്ക് എത്തിച്ചേരാനാവശ്യമായ ശരിയായ ദിശ നിങ്ങള്‍ക്ക് നല്‍കുന്നതും വഴി നല്ല മാനേജറുടെ സ്ഥാപനത്തോടുള്ള ബാധ്യത എത്ര ലളിതമായി മനസ്സിലാക്കാം, അതിനെന്തൊക്കെ ചെയ്യേണ്ടത്- ചെയ്യണം എന്നും കാണാം.
കൂടാതെ സാമ്പത്തിക കൈകാര്യം വളരെ മനോഹരമാണ്. നാളേക്കു വേണ്ടി മാറ്റിവെക്കുന്നതും, ആവശ്യമായ വസ്തുക്കള്‍ ശേഖരിക്കുന്നതും, ഏറ്റവും ചിലവു കുറഞ്ഞ രീതി സ്വീകരിക്കുന്നതും, അവയെ പരമാവധി പ്രയോജനപ്പെടുത്തുന്നതും, അനാവശ്യമായ സാധങ്ങളുടെ വാങ്ങലുകള്‍ പരമാവധി ഒഴിവാക്കിന്നുതും, അവശ്യ വസ്തുക്കള്‍ നാളേക്കു വേണ്ടി മാറ്റിവെക്കുന്നതും, മുന്നില്‍ വരുന്ന ഹര്‍തത്താലുകളോ ലീവുകളോ മറ്റ് സാധനങ്ങള്‍ ലഭ്യമാകാന്‍ സാധ്യത ഇല്ലാത്ത അവസ്ഥകളോ വരുന്നുണ്ടെങ്കില്‍ കാലേക്കൂട്ടി അത്യാവശ്യ സാധനങ്ങള്‍ വാങ്ങിവയ്ക്കുന്നതും, കുട്ടികളേയും ഭര്‍ത്താക്കന്‍മാരേയും മാതാപിതാക്കളെയും മറ്റു വീട്ടിലുള്ള അംഗങ്ങളെയും സംരക്ഷണ വലയത്തിനുള്ളില്‍ നിര്‍ത്തി പരിലാളിക്കുന്നതും, അസുഖങ്ങള്‍ വരുന്ന സമയത്ത് ശുശ്രൂഷിക്കുന്നതും, ആതിഥ്യ മര്യാദയുടെ മകുടോദാഹരണമായി അതിഥികളെ ആദരിക്കുന്നും അവര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നതും തുടങ്ങി തൊടുന്നതിലെല്ലാം ഒരു നല്ല മാനേജറുടെ കഴിവുകള്‍ വരച്ചു കാട്ടുന്നു.
വീട്ടിലെ ചെറിയ കുട്ടികളിലുമുണ്ട് ഏറെ ഗുണമുള്ള നിയമങ്ങള്‍. അവരുടെ മുഖത്തു കാണുന്ന സദാസമ്പന്നമായിരിക്കുന്ന പുഞ്ചിരിതന്നെ എത്ര ശക്തമായ ഒരു കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് (ഗുണഭോക്തൃ ബന്ധം) ഉണ്ടാക്കിയെടുക്കുന്നു. ആ ചിരിയില്‍ നിന്നും ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി ഏറ്റവും പ്രശ്‌നക്കാരനാവാന്‍ പോവുന്ന ഒരു കസ്റ്റമറെപ്പോലും വളരെ സൗമനസ്യനായ കൂട്ടുകാരനാക്കി മാറ്റാനും സാധിക്കും. ഇയാള്‍ ഈയൊരൊറ്റ കാരണം കൊണ്ട് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മാറുകയും ചെയ്യും. കുട്ടികളുമൊത്ത് ചിലവഴിക്കുന്ന സമയങ്ങളില്‍ നിന്നും നിങ്ങള്‍ക്കു ലഭിക്കുന്ന മാനസികോല്ലാസം ഒരു സിംഗപ്പൂര്‍ പ്ലഷര്‍ ട്രിപ്പിനേക്കാളും വലിയതായിരിക്കും. അവരിലെ നിഷ്‌കളങ്കത, എല്ലാവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള കഴിവ്, ആരോടും ചങ്ങാത്തം കൂടി സ്‌നേഹം പിടിച്ചുപറ്റുന്നത്, മുഴുവന്‍ സമയവും ഒരു ക്ഷീണവും കാണിക്കാത്ത പ്രവര്‍ത്തന നിരത, തുടങ്ങി നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്ര ബിസിനസ്സ് തത്വങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നുണ്ട്, ഇതെല്ലാം ബിസിനസ്സിന്റെ ആണിക്കല്ലുകളായി ബിസിനസ്സ് വിദഗ്ദര്‍ വിലയിരുത്തുന്നതാണ്. ഇവ നഷ്ടപ്പെട്ടാല്‍ പിന്നെ ബിസിനസ്സിനു പിടിച്ചു നില്‍പ്പില്ല. ഒരു ശക്തിക്കും അതിനെ നിലനിര്‍ത്താന്‍ സാധിക്കുകയുമില്ല.
കൂട്ടു കുടുംബ വ്യവസ്ഥയിലും മറ്റുമായി സഹോദരങ്ങളും മറ്റും ഒത്തൊരുമിച്ചിരുന്ന് ഏത് വിഷയങ്ങളെയും ചര്‍ച്ചചെയ്യുന്നതും, കൂട്ടായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതും, ഒരാളെ ചുമതലപ്പെടുത്തി മറ്റുള്ളവരെല്ലാം അയാളെ അനുസരണയോടെ പിന്‍തുടരുന്നതും അവനവന്റെ സംഭാവനകള്‍ മുതിര്‍ന്ന വ്യക്തിക്കാവശ്യമെന്ന നിലക്ക് നല്‍കിക്കൊണ്ടിരിക്കുന്നതുമെല്ലാം ഒരു ബിസിനസ്സിനെ ശക്തിപ്പെടുത്താനും അടിത്തറ ദൃഡമാക്കാനും സാധ്യമാണ്. ഒരു പ്രശ്‌നം നേരിടുന്ന സന്ദര്‍ഭങ്ങളിലേക്ക് ഇത്തരം രീതികള്‍ നാം അവലംഭിച്ചാല്‍ മലപോലെ വരുന്ന പ്രശ്‌നങ്ങളെ എലിപോലെയാക്കി തിരിച്ചയക്കാം.
പിന്നെന്തിന് നാം ഇത്തരമൊരു നിരീക്ഷണത്തിലേക്കും വ്യക്തമായ ഒരു മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മിക്കാനുള്ള ആര്‍ജ്ജവത്തോടെയും കുടുംബത്തിന്റെ ശക്തിയിലേക്ക് കണ്ണോടിച്ചുകൂടാ.
‘‘നമ്മിലേക്ക് നാം തിരിയുമ്പോള്‍ കണ്ടെത്തുന്ന എനര്‍ജി തന്നെയാണ് ഏറ്റവും വലിയ ഗുരു”.
പ്രവര്‍ത്തിക്കുന്നവര്‍ക്ക് – സ്വസ്ഥവും ശക്തവുമായ ബിസിനസ്സ് ആശംസിക്കട്ടെ….