ബൈജൂസിന് സാമ്പത്തിക പ്രതിസന്ധി രൂക്ഷം;ബെംഗളുരുവിലെ 2 ഓഫീസുകൾ ബൈജൂസ് അടച്ചുപൂട്ടി  

ഇന്ത്യൻ ബഹുരാഷ്ട്ര എഡ്യുക്കേഷണൽ ടെക്നോളജി (Edtech) കമ്പനിയായ ബൈജൂസ്, രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളുരു നഗരത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഓഫീസുകൾ അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്. ബെംഗളുരു നഗരത്തിൽ ബൈജൂസിന്റെ കീഴിലുള്ള ഏറ്റവും വലിയ ഓഫീസും പൂട്ടിയതിൽ ഉൾപ്പെടുന്നു. നിക്ഷേപകരിൽ നിന്നും കൂടുതൽ ഫണ്ട് ലഭിക്കാൻ വൈകുന്നതു കാരണം, പണലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ചെലവു ചുരുക്കുന്നതിന്റെയും ഭാഗമായാണ് ഓഫീസ് ഒഴിഞ്ഞുകൊടുത്തതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ബെംഗളുരു നഗരത്തിൽ മൂന്ന് ഇടങ്ങളിലായാണ് ബൈജൂസിന്റെ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ കല്യാണി ടെക് പാർക്കിൽ പ്രവർത്തിച്ചിരുന്ന 5.58 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതായിരുന്നു ബൈജൂസിന്റെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം. ഇതു പൂർണമായും ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്. കൂടാതെ, പ്രസ്റ്റീജ് ടെക് പാർക്കിലുണ്ടായിരുന്ന ഓഫീസിന്റെ ഒരു ഭാഗവും ഒഴിവാക്കി. കൈവശമുള്ള ഒമ്പത് നിലകളിൽ നിന്നും രണ്ട് നിലകളിലെ ഓഫീസ് ഇടമാണ് ഒഴിവാക്കിയത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട്, ജൂലൈ 23 മുതൽ മറ്റ് ഓഫീസുകളിലോ വീടുകളിലോ ഇരുന്ന് പ്രവർത്തിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

വിവിധ ആവശ്യങ്ങൾക്കായി രാജ്യത്താകമാനം 30 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഓഫീസ് ഇടമാണ് ബൈജൂസീന് കീഴിലുള്ളത്. ഓഫീസ് വിസ്തൃതി വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത്, കമ്പനിയുടെ കർമ്മപദ്ധതികളും നയവും അടിസ്ഥാനപ്പെടുത്തിയാകും നിശ്ചയിക്കുക. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ബിസിനസ് മുൻഗണന നൽകുന്നത്,” എന്നും ബൈജൂസിന്റെ വക്താവ് പ്രതികരിച്ചു. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ്, ബ്രൂക്ക്ഫീൽഡിലെ കല്യാണി ടെക് പാർക്കിലെ രണ്ട് കെട്ടിടങ്ങൾ (മഗ്നോലിയ, എബണി) ബൈജൂസ് ഏറ്റെടുത്തത്. ഇതിൽ മഗ്നോലിയ കെട്ടിടം കഴിഞ്ഞമാസം ഒഴിഞ്ഞു. ഇവിടെ പ്രവർത്തിച്ചിരുന്ന ജീവനക്കാരെ എബണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഓഗസ്റ്റോടെ ഇതും ഒഴിവാക്കിയേക്കുമെന്ന് ജീവനക്കാർ സൂചിപ്പിച്ചു. മഗ്നോലിയ കെട്ടിടത്തിൽ അഞ്ച് നിലകളും എബണിയിൽ ആറ് നിലകളുമാണ് ബൈജൂസ് വാടകയ്ക്ക് എടുത്തിരുന്നത്. 5.58 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓഫീസ് ഒഴിവാക്കുന്നതിലൂടെ മാസം 3 കോടി രൂപ വാടകയിനത്തിൽ ലാഭിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team