മലബാർ ക്യാൻസർ സെന്റർ രാജ്യാന്തര നിലവാരത്തിലേക്ക്: മുഖ്യമന്ത്രി
പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവർത്തനോദ്ഘാടനവും
പുതിയ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും നിർവഹിച്ചു
കേരളത്തിലെ മുൻനിര ക്യാൻസർ സെന്ററുകളിലൊന്നായ മലബാർ ക്യാൻസർ സെന്ററിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മലബാർ ക്യാൻസർ സെന്ററിനെ പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച് എന്ന നിലയിൽ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലബാർ ക്യാൻസർ സെന്ററിനെ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമായതോടെ കൂടുതൽ കാര്യക്ഷമതയോടെയുള്ള ചികിത്സയും രോഗനിർണയവും സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
50 കോടി രൂപയുടെ പദ്ധതികളാണ് ഇതിനകം പൂർത്തീകരിച്ചത്. പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി ബ്ലോക്ക്, വിപുലീകരിച്ച ക്യാന്റീൻ, ന്യൂക്ലിയർ മെഡിസിൻ ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, കാത്ത്ലാബ് യൂണിറ്റ്, 64 സ്ലൈസ് സി.ടി. സ്‌കാനർ, സ്പെക്ട് സി.ടി. സ്‌കാനർ എന്നീ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയത്.
കുട്ടികളിലെ ക്യാൻസർ ചികിത്സയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കുട്ടികളുടെ മാനസികോല്ലാസത്തിന് മുൻതൂക്കം നൽകിയാണ് പീഡിയോട്രിക് ബ്ലോക്ക് സജ്ജീകരിച്ചിരിക്കുന്നത്. കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തിയേറ്റർ എന്നിവയും കുട്ടികൾക്കുള്ള കീമോതെറാപ്പി വാർഡിനു സമീപത്തുണ്ട്.
ഇതിനുപുറമെ 114 കോടി രൂപയുടെ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്റ്റുഡൻസ് ഹോസ്റ്റൽ, റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് വിപുലീകരണം എന്നിവയാണ് പുതിയതായി നടപ്പാക്കുന്ന പദ്ധതികൾ.
ഇതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റലിൽ മൂന്നൂറോളം പേർക്ക് താമസിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായുള്ള പ്രത്യേകം കെയർ സെന്ററുകളും ഇതിന്റെ ഭാഗമായുണ്ടാകും. സർക്കാർ മേഖലയിൽ കുട്ടികളുടെ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ഏക സ്ഥാപനവും മലബാർ ക്യാൻസർ സെന്ററാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.