മാരുതി സുസുക്കി ജിംനി ഇന്ത്യൻ വിപണിയിൽ എത്തിയേക്കില്ല  

മാരുതി സുസുക്കി ജിപ്സിയുടെ പിന്‍ഗാമിയായ ജിംനിയെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനത്തോടെയോ 2021 തുടക്കത്തിലോ ജിംനി ഇന്ത്യന്‍ വിപണിയിലെത്തും എന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ജിംനി ഇന്ത്യന്‍ വിപണിയിലേക്ക് എത്തില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ജിംനിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുകിയ്ക്ക് പദ്ധതിയില്ലെന്ന് മാരുതി സുസുക്കിയുടെ എഞ്ചിനീയറിംഗ് ഹെഡ് സിവി രാമന്‍ പറഞ്ഞു. വാട്ട് കാറിന് നല്‍കിയ അഭിമുഖത്തിലാണ് സിവി രാമന്‍ ഈ കാര്യം വ്യക്തമാക്കിയത്. 3 ഡോര്‍ പതിപ്പിലാണ് അന്താരാഷ്ട്ര വിപണിയില്‍ ജിംനി വില്പനയിലുള്ളത്.
എന്നാല്‍, ഈ പതിപ്പ് ഇന്ത്യന്‍ വിപണിയ്ക്ക് അനുയോജ്യമല്ലെന്നും ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ ലാഭകരമാവില്ല എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറയുന്നു.

പുത്തന്‍ വിറ്റാര ബ്രെസയെ ചലിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ജിംനിയില്‍ ഉള്ളത്. ഈ എന്‍ജിന്‍ 5000 അര്‍പിഎമ്മില്‍ 103 ബിഎച്ച്‌പി പവറും 4400 അര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിക്കുക. ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുകളുള്ള പാര്‍ട്ട്-ടൈം 4WD സിസ്റ്റവും ജിംനിയില്‍ ലഭ്യമാണ്.

കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുന്‍ ഗ്രില്‍, പുറകിലെ ഡോറില്‍ ക്രമീകരിച്ചിരിക്കുന്ന സ്പെയര്‍ വീല്‍, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകള്‍ എന്നിവയും ലഭിക്കുന്നു. പിന്‍ ബംബറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയില്‍ ലാംപ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ എന്നിവയും ജിംനിക്ക് ക്ലാസിക് ലുക്ക് നല്‍കുന്നു. ജിംനിയുടെ ഇന്റീരിയറില്‍ എം‌ഐ‌ഡി (മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ), വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ടോഗിള്‍ സ്വിച്ചുകള്‍ എന്നിവയുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team