മാര്‍ച്ചില്‍ വൈദ്യുത കാര്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ആപ്പിളും ഹ്യുണ്ടായിയും ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകള്‍!
വൈകാതെ വൈദ്യുത കാറുകള്‍ വിപണി കയ്യടക്കും. നിലവില്‍ ടെസ്‌ലയാണ് വൈദ്യുത വാഹന ലോകത്തെ രാജാക്കന്മാര്‍. ഓഹരി വിപണിയില്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളോട് നിക്ഷേപകര്‍ക്കുള്ള പ്രത്യേക താത്പര്യം ടെസ്‌ലയുടെ വന്‍വളര്‍ച്ചയ്ക്ക് കാതലാകുന്നു. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 800 ശതമാനത്തിലേറെ നേട്ടമാണ് ടെസ്‌ല ഓഹരികള്‍ കൊയ്തത്. കമ്ബനിയുടെ വിപണി മൂല്യമാകട്ടെ, 800 ബില്യണ്‍ ഡോളറും കടന്നു. ഈ പശ്ചാത്തലത്തില്‍ മറ്റു നിര്‍മ്മാതാക്കളും ഇപ്പോള്‍ ടെസ്‌ലയുടെ വഴിയെ വൈദ്യുത വാഹന നിര്‍മ്മാണത്തില്‍ സജീവമാകാനുള്ള പുറപ്പാടിലാണ്. ഇക്കൂട്ടത്തില്‍ പ്രമുഖ ടെക്ക് ഭീമന്മാരായ ആപ്പിളും ഉള്‍പ്പെടും.
കേട്ടതു ശരിതന്നെ, ആപ്പിളും വൈദ്യുത കാര്‍ നിര്‍മ്മിക്കും.ഇതിനായി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുമായി ആപ്പിള്‍ ധാരണയിലെത്തിയെന്നാണ് വിവരം. മാര്‍ച്ചില്‍ വൈദ്യുത കാര്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ആപ്പിളും ഹ്യുണ്ടായിയും ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2024 ഓടെ ആപ്പിള്‍ കാറുകളുടെ ഉത്പാദനം യാഥാര്‍ത്ഥ്യമാക്കാനുള്ള പുറപ്പാടിലാണ് ഇരു കമ്ബനികളും. വെള്ളിയാഴ്ച്ച ആപ്പിളും ഹ്യുണ്ടായിയും ഓട്ടോണമസ് കാര്‍ വികസിപ്പിക്കുന്നതിനായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഹ്യുണ്ടായി ഓഹരികള്‍ 20 ശതമാനം കുതിച്ചുച്ചാട്ടം നടത്തിയിരുന്നു. ജോര്‍ജിയയിലുള്ള കിയ മോട്ടോര്‍സിന്റെ ശാലയില്‍ വെച്ചാകും ഹ്യുണ്ടായി ആപ്പിളുമായി സഹകരിച്ച് സ്വയമോടുന്ന വൈദ്യുത കാറുകള്‍ ഹ്യുണ്ടായി വികസിപ്പിക്കുകയെന്ന് സൂചനയുണ്ട്. ഒരുപക്ഷെ കിയയുടെ ശാലയ്ക്ക് പകരം ആപ്പിളും ഹ്യുണ്ടായിയും സംയുക്തമായി ചേര്‍ന്ന് പുതിയ നിര്‍മ്മാണശാലയ്ക്ക് അമേരിക്കയില്‍ തുടക്കമിടാനും ആലോചിച്ചേക്കും. 2024 ഓടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകള്‍ പുറത്തിറക്കണമെന്ന ഉദ്ദേശ്യത്തിലാണ് ആപ്പിള്‍. ആദ്യപടിയായി അടുത്തവര്‍ഷത്തോടെ ഹ്യുണ്ടായിയും ആപ്പിളും ചേര്‍ന്ന് പുതിയ കാറിന്റെ പരീക്ഷണ പതിപ്പിനെ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓട്ടോണമസ് കാര്‍ ടെക്‌നോളജിയില്‍ വന്‍നിക്ഷേപമാണ് ആപ്പിള്‍ നടത്തിയിട്ടുള്ളത്. 2024 ഓടെ സ്വന്തമായി ബാറ്ററി ടെക്‌നോളജി വികസിപ്പിക്കാന്‍ ആപ്പിളിന് നീക്കമുണ്ട്. ഇതേ വര്‍ഷം ഒരു ആപ്പിള്‍ കാര്‍ മോഡലെങ്കിലും വിപണിയിലെത്തണമെന്നാണ് കമ്ബനിയുടെ വാശി. എന്തായാലും ആപ്പിളുമായി സഹകരിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച ഹ്യുണ്ടായി മോട്ടോര്‍ ഓഹരികള്‍ 14.6 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഹ്യുണ്ടായിയുടെ അനുബന്ധ കമ്ബനിയായ ഹ്യുണ്ടായി മൊബിസ് 12.7 ശതമാനവും കിയ മോട്ടോര്‍സ് 9.1 ശതമാനവും ഓഹരി വിപണിയില്‍ നേട്ടം കയ്യടക്കിയിട്ടുണ്ട്.