മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തിൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന ഉപഭോക്താക്കൾ ബില്ല് ചോദിച്ചു വാങ്ങാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ റേഷൻ ഉപഭോക്താക്കൾക്ക് അർഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
തൃശ്ശൂർ ജില്ലയിൽ ഇറച്ചി തൂക്കം കുറച്ചാണ് വിൽക്കുന്നത് എന്ന പരാതി ലഭിച്ചതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മാസവും നടത്തുന്ന തൽസമയ ഫോൺ-ഇൻ പരിപാടിയിൽ ശരാശരി 25 ഫോൺ കോളുകൾ വരാറുണ്ട്. ജൂലൈ മാസത്തെ ഫോൺ-ഇൻ പരിപാടിയായിരുന്നു ചൊവ്വാഴ്ച നടന്നത്.