മികച്ച നിക്ഷേപ പദ്ധതികളുമായി ഇന്ത്യ..മൂന്നാം മാസം മുതൽ ജീവിതാവസാനം വരെ ആദായം ലഭിക്കും;
ഇന്ത്യക്കാർ പൊതുവേ സമ്പാദ്യത്തിന് മുൻഗണന കൊടുക്കുന്ന ശീലമുള്ളവരാണ്. അതിനാൽ റിസ്ക് ഏറിയതും കുറഞ്ഞതുമായ വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികളും രാജ്യത്ത് ലഭ്യമാണ്. മിതമായ ആദായം മുതൽ ശരാശരിയിലും ഉയർന്ന ആദായം വരെ ലഭിക്കാവുന്ന നിക്ഷേപ പദ്ധതികളുണ്ട്. ഇവയിൽ നിന്നും 91-ആം ദിവസം മുതൽ ജീവിതകാലം മുഴുവൻ വരുമാനം നൽകുന്ന പദ്ധതികളും അടങ്ങിയിരിക്കുന്നു.അതേസമയം സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് എടുക്കാനുള്ള ശേഷിയും വിലയിരുത്തിയാകണം നിക്ഷേപ പദ്ധതികളെ തെരഞ്ഞെടുക്കേണ്ടത്. നിലവിലുള്ള ആവശ്യകതയും പരിഗണിച്ചുവേണം നിക്ഷേപത്തിനുള്ള തുക നീക്കിവെക്കേണ്ടത്. സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായി മിച്ചം പിടിക്കുന്ന തുക ഒരു പദ്ധതിയിൽ മാത്രമായി നിക്ഷേപിക്കരുത്. വൈവിധ്യവത്കരണം മൊത്തത്തിലുള്ള റിസ്ക് കുറയ്ക്കാനും വരുമാന ലഭ്യതയുടെ ഉറപ്പിനും അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ ലഭ്യമായ വിവിധ നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ശമ്പളക്കാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) – നിക്ഷേപത്തിന് ആദായ നികുതി ആനുകൂല്യങ്ങൾ. നിക്ഷേപം പിൻവലിക്കുന്ന സമയത്ത്, മുതൽ തുകയിലും പലിശയിലും നികുതി ഇളവുണ്ടെന്ന ഇരട്ടനേട്ടം. 15 വർഷമാണ് നിക്ഷേപ കാലാവധി എന്നത് ശ്രദ്ധിക്കണം. 6 വർഷത്തിന് ശേഷം ഭാഗിക പിൻവലിക്കൽ അനുവദിക്കും.2. എൻപിഎസ് (NPS) – മികച്ച റിട്ടയർമെന്റ് നിക്ഷേപ പദ്ധതികളിലൊന്നാണിത്. ജോലി മാറിയാലും ഫണ്ടിൽ മാറ്റം വേണ്ടെന്നത് പ്രത്യേകതയാണ്. പ്രതിവർഷം 1.5 ലക്ഷം വരെയുള്ള എൻപിഎസ് (ടയർ 1) സംഭാവനയിൽ നികുതി ആനുകൂല്യം ലഭ്യമാണ്. 80സിസിഡി(1ബി) പ്രകാരം അധികമായി 50,000 രൂപയുടെ നികുതി ഇളവും ചോദിക്കാനാകും. 60 വയസ് പൂർത്തിയാകുന്നതിന് മുൻപേ ഫണ്ട് മുഴുവൻ പിൻവലിക്കാനാകില്ലെന്നത് ശ്രദ്ധിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ 60% തുക നികുതിരഹിതമായി ലഭിക്കും. ബാക്കി 40% തുക സ്ഥിരം പെൻഷൻ ലഭിക്കുന്നതിനായി നീക്കിവെക്കും.3. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ELSS) – ഉയർന്ന ആദായം ലക്ഷ്യമിടുന്നവർക്ക് പരിഗണിക്കാം.4. ടാക്സ് സേവിങ്സ് ഫിക്സഡ് ഡിപ്പോസിറ്റ്- 5 വർഷത്തേക്ക് നിക്ഷേപത്തിന് ലോക്ക്-ഇൻ പിരീയഡ്.5. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ് (ULIP)- നിക്ഷേപവും ഇൻഷുറൻസ് പരിരക്ഷയും ഒത്തുചേർന്ന പദ്ധതി. ആദായത്തിന് നികുതി ഇളവുണ്ട്. ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഉയർന്ന ആദായം ലഭിക്കാം.