മുംബൈ നഗരത്തിൽ സാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കുമായി ചെലവു കുറഞ്ഞ വീടുകൾ ലഭ്യമാക്കുന്ന പദ്ധതി
മുംബൈ നിവാസികൾക്ക് ചെലവു കുറഞ്ഞ പാർപ്പിടം നൽകുന്ന പദ്ധതിയിലേക്ക് 1.06 ലക്ഷം അപേക്ഷ സ്വീകരിച്ചതായി മഹാരാഷ്ട്ര ഹൗസിങ് & ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (MHADA) അറിയിച്ചു. “എംഎച്ച്എഡിഎ ലോട്ടറി 2023” എന്ന പേരിലുള്ള പദ്ധതിയിലേക്ക് മൊത്തം 1.22 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിബന്ധന പാലിക്കാത്ത 527 അപേക്ഷകൾ തള്ളിക്കളയുകയും 14,000-ൽ അധികം അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്കുമായി മാറ്റിവെച്ചതായും എംഎച്ച്എഡിഎ അധികൃതർ വ്യക്തമാക്കി.
എംഎച്ച്എഡിഎ ലോട്ടറി 2023
മൊത്തം 4,000-ത്തോളം വീടുകളാണ് പദ്ധതിക്ക് കീഴിൽ ജനങ്ങൾക്ക് കൈമാറുന്നത്. 24 ലക്ഷം രൂപ മുതൽ വിവിധ വിലയിൽ ലഭ്യമാക്കുന്ന ഭവനങ്ങളിൽ, വില കുറവുള്ള വിഭാഗത്തിലേക്കാണ് ബഹുഭൂരിപക്ഷം അപേക്ഷകളും ലഭിച്ചത്. നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിച്ച, 1,22,235 അപേക്ഷകളാണ് ആകെ ലഭിച്ചത്. എങ്കിലും മതിയായ യോഗ്യതകൾ പാലിക്കുന്ന 1,06,799 അപേക്ഷകളാണ് ഇതുവരെ സ്വീകരിച്ചതെന്ന് എംഎച്ച്എഡിഎ വ്യക്തമാക്കി.എംഎച്ച്എഡിഎ ലോട്ടറി 2023ന്റെ ഭാഗമായി നിർമിച്ച 4,000 വീടുകളിൽ 93 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (EWS) താഴ്ന്ന വരുമാനക്കാർക്കും (LIG) കൈമാറാനുള്ളതാണ്. ബാക്കി ഏഴ് ശതമാനം ഇടത്തരം/ ഉയർന്ന വരുമാന വിഭാഗക്കാർക്കു വേണ്ടിയുള്ളതാണ്. 4,000 വീടുകളിൽ 2,790 എണ്ണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിലേക്കും 1,034 വീടുകൾ താഴ്ന്ന വരുമാനക്കാർക്കും വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഇടത്തരം വരുമാനക്കാർക്ക് 139 വീടുകളും ഉയർന്ന വരുമാനക്കാർക്ക് വേണ്ടി 120 എണ്ണവും നീക്കിവെച്ചിരിക്കുന്നു.