മൊബൈൽ ഇന്റർനെറ്റ് സ്പീഡ്; ഇന്ത്യയ്ക്ക് 131-ാം സ്ഥാനത്തേക്ക്  


കൊറോണ വൈറസിന്റെ വരവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണും ഇന്റർനെറ്റ് ഉപഭോഗം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് ആണ് രാജ്യത്ത് ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത്. വിലക്കുറവിൽ അൺലിമിറ്റഡ് പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത് ഇന്റർനെറ്റ് ഉപഭോഗം കൂട്ടുന്നതിൽ പ്രധാനമാണ്. മാത്രമല്ല, ഇന്ത്യയാണ് ലോകത്ത് മൊബൈൽ ഇന്റർനെറ്റിന്റെ കാര്യത്തിൽ ഏറ്റവും വിലക്കുറവുള്ള വിപണിയിൽ ഒന്ന്. 250 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും എന്നത് ഗ്രാമങ്ങളിൽ പോലും മൊബൈൽ ഇന്റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നു.

അതെ സമയം മൊബൈൽ ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില അത്ര നല്ലതല്ല. ഏതെങ്കിലും സ്പീഡ് ടെസ്റ്റ് സോഫ്റ്റ് വെയർ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഇന്റർനെറ്റിന്റെ സ്പീഡ് ടെസ്റ്റ് നടത്തിയാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. യൂട്യൂബ് വീഡിയോ 720p അല്ലെങ്കിൽ 1080p ക്ലാരിറ്റിയിലേക്ക് മാറ്റുന്ന നിമിഷം ബഫറിങ് ആരംഭിക്കുന്നത് പലപ്പോഴും ടെലികോം കമ്പനികൾ അവകാശപ്പെടുന്ന മൊബൈൽ ഇന്റർനെറ്റ് സ്പീഡ് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നുള്ളതുകൊണ്ടാണ്

ഊക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബറിൽ മൊബൈൽ ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗൺലോഡ് സ്പീഡ് 35.26 എംബിപിഎസ്സിൽ നിൽകുമ്പോൾ ഇന്ത്യയിലെ ഡൗൺലോഡ് സ്പീഡ് 12.07 എംബിപിഎസ് മാത്രമാണ് എന്ന് റിപ്പോർട്ട് പറയുന്നു.

ശരാശരി ആഗോള അപ്‌ലോഡ് സ്പീഡ് 11.22 എംബിപിഎസ് ആണ്. ഇന്ത്യയിലിത് 4.3 എംബിപിഎസ് മാത്രം.
ഇന്ത്യയുടെ അയാൾ രാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവ ലിസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിലാണ്. 102-ാം സ്ഥാനത്തുള്ള ശ്രീലങ്കയിൽ 19.95 എംബിപിഎസ് ആണ് വേഗം. 116-ാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ 17.13 എംബിപിഎസ്സും, 117-ാം സ്ഥാനത്തുള്ള നേപ്പാളിൽ 17.12 എംബിപിഎസ് ആണ് മൊബൈൽ ഇന്റർനെറ്റ് സ്പീഡ്.
ലിസ്റ്റിൽ ഒന്നാമത് ദക്ഷിണ കൊറിയയാണ്‌.

121.00 എംബിപിഎസ് ദക്ഷിണ കൊറിയയിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് സ്പീഡ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team