മൊറൊട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകൾ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ !
ന്യൂഡല്‍ഹി : മൊറട്ടോറിയം പലിശയിൽ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സർക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സമ്പത്ത് വ്യവസ്ഥക്കും ബാങ്കിങ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മൊറട്ടോറിയം കാലയളവില്‍ 2 കോടിരൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രം നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ അത് അപൂര്‍ണമാണെന്നും റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കൊറോണ വൈറസ് പാന്‍ഡെമിക് ബാധിച്ച മേഖലയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്കും സത്യവാങ്മൂലത്തില്‍ പറയുന്നു. മൊറട്ടോറിയം കാലാവധി ആറുമാസത്തിനകം നീട്ടാന്‍ കഴിയില്ലെന്നും ബാങ്കിംഗ് റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകം ആയിരിക്കില്ല എന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.