മ്യാൻമറിൽ ജനപ്രീതി നേടി ഓഫ്‌ലൈൻ മെസ്സേജിങ് ആപ്പായ ബ്രിഡ്ജ്ഫൈ  

മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറിയുണ്ടായ സാഹചര്യത്തില്‍ വലിയ ജനപ്രീതി നേടുകയാണ് ഓഫ്‌ലൈന്‍ മെസേജിങ് ആപ്പായ ബ്രിഡ്ജ്‌ഫൈ. രണ്ട് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷം പേരാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഉപയോഗിക്കാനാവുന്ന ഈ ആപ്പിന്‍റെ ടാഗ് ലൈന്‍ കണക്റ്റിങ് ദി അണ്‍കണക്റ്റഡ് ആണ്. ടാഗ്‌ലൈന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ആശയവിനിമയ ശൃംഖല വിച്ഛേദിക്കപ്പെട്ടവരെ ബന്ധിപ്പിക്കുന്നതിനാണ് ബ്രിഡ്ജ്‌ഫൈ നിലകൊള്ളുന്നത്.

ഡാറ്റാ നെറ്റ് വര്‍ക്ക്, എസ്‌എംഎസ് എന്നിവയിലൂടെയല്ലാതെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മെഷ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് ഇത്തിന്റെ പ്രവര്‍ത്തനം. അതായത് ഫോണിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച്‌ ഇത് വിവരകൈമാറ്റം സാധ്യമാക്കുന്നു.
330 അടി ദൂരപരിധിയ്ക്കുള്ളിലാണ് ആശയവിനിമയം സാധ്യമാവുക. ഈ ദൂരപരിധിയ്ക്കുള്ളില്‍ ബ്രിഡ്ജ് ഫൈ ഉപയോക്താക്കളുടെ എണ്ണം എത്ര കൂടുന്നോ സന്ദേശ കൈമാറ്റത്തിന്റെ വേഗവും കൂടും. എന്നാല്‍ ബ്ലൂടൂത്ത് പരിധിയ്ക്കുള്ളില്‍ ബ്രിഡ്ജ്‌ഫൈ ഉപയോക്താക്കള്‍ ഇല്ലെങ്കില്‍ ഈ ആപ്പ് ഉപയോഗിക്കാനാവില്ല.

ബ്രിഡ്ജ്‌ഫൈ ആപ്പ് വഴി ഒരാളുടെ ലൈവ് ലൊക്കേഷന്‍ പങ്കുവെക്കാനും സാധിക്കും. പരിസരത്തുള്ള ബ്രിഡ്ജ് ഫൈ ഉപയോക്താക്കള്‍ക്കെല്ലാം സന്ദേശമെത്തിക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവും ഇതിലുണ്ട്. മ്യാന്‍മാറില്‍ ഭരണ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെ തടവിലാക്കി നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ് സൈനിക നേതൃത്വം. രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team