യാത്ര വിലക്ക് പിൻവലിച്ച് ഒമാൻ!
ഇന്ത്യയടക്കം 18 രാജ്യത്തില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഒമാൻ .അവധിക്ക് നാട്ടിലെത്തി വിലക്കുകാരണം തിരിച്ചുപോകാന്‍ പ്രയാസപ്പെട്ട നൂറുകണക്കിന് പ്രവാസികള്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. രാജ്യത്ത് അംഗീകാരമുള്ള വാക്സിന് സ്വീകരിച്ചവര്‍ക്ക് ഒന്നു മുതല്‍ പ്രവേശിക്കാം.ഇന്ത്യയിലെ കോവിഷീള്‍ഡ് വാക്സിന് അംഗീകാരമുണ്ട്. വാക്സിന് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാകണം. 96 മണിക്കൂറിനിടെ നടത്തിയ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ഉള്ളവരെ നിര്‍ബന്ധിത സമ്ബര്‍ക്ക വിലക്കില്‍നിന്ന് ഒഴിവാക്കി.സര്‍ട്ടിഫിക്കറ്റില്‍ സാധുവായ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണം. ടെസ്റ്റ് നടത്താത്തവര്‍ക്ക് സ്വന്തം ചെലവില്‍ മസ്കത്ത് വിമാനത്താവളത്തില്‍ പരിശോധനയുണ്ട്. ഫലം ലഭിക്കുംവരെ നിര്‍ബന്ധിത സമ്ബര്‍ക്ക വിലക്ക് ഉണ്ടാകും. പോസിറ്റീവായവര്‍ പത്ത് ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഏപ്രിലിലാണ് ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.