യു‌എസ്‌എയിലും യൂറോപ്പിലും 2023 ഓടെ പാസാറ്റിനെ നിര്‍ത്തലാക്കാൻ പദ്ധതിയിട്ട് ഫോക്‌സ്‌വാഗൻ!  

അന്താരാഷ്ട്ര വിപണിയിലും ഇന്ത്യയിലും ഫോക്‌സ്‌വാഗണ്‍ അണിനിരത്തുന്ന ഫ്ലാഗ്ഷിപ്പ് പ്രീമിയം സെഡാനാണ് പസാറ്റ്. ആഭ്യന്തര തലത്തില്‍ വാഹനത്തെ വീണ്ടും അവതരിപ്പിക്കാന്‍ ജര്‍മന്‍ ബ്രാന്‍ഡ് പദ്ധതിയിടുമ്ബോള്‍ ചില വിപണികളില്‍ നിന്നും കാറിനെ പൂര്‍ണമായും പിന്‍വലിക്കാനും തയാറെടുപ്പുകള്‍ നടത്തുകയാണ്. പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം യു‌എസ്‌എയിലും യൂറോപ്പിലും 2023 ഓടെ പാസാറ്റിനെ നിര്‍ത്തലാക്കാനാണ് ഫോക്‌സ്‌വാഗന്റെ പദ്ധതി. ഇലക്‌ട്രിക് കാറുകളിലേക്കും എസ്‌യുവികളിലേക്കും കമ്ബനി കൂടുതല്‍ ശ്രദ്ധ തിരിക്കുന്നതിനാലാണ് ഈ തീരുമാനം. യൂറോപ്പില്‍ പാസാറ്റ് സെഡാന്റെ അവസാനം കുറിക്കുമെങ്കിലും കാറിന്റെ എസ്റ്റേറ്റ് പതിപ്പ് ജര്‍മനി പോലുള്ള വിപണികളില്‍ വില്‍ക്കുന്നത് തുടരും.അടുത്ത തലമുറ പസാറ്റ് എസ്റ്റേറ്റ് 2023 അവസാനത്തോടെ അവതരിപ്പിക്കാമെന്നാണ് കമ്ബനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം യൂറോപ്പിലെ ചില വിപണികലില്‍ വാഹനത്തിന് ലഭിക്കുന്ന ജനപ്രീതി തന്നെയാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നോണ്‍-പ്രീമിയം മിഡ്-സൈസ് സെഡാനാണിത്. 2020 ഒക്ടോബറില്‍ പസാറ്റിന്റെ 88,478 യൂണിറ്റുകളാണ് കമ്ബനി വിറ്റഴിച്ചത്. അതേസമയം യു‌എസ് വിപണിയിലെ പാസാറ്റിന്റെ വില്‍‌പന പ്രകടനം അത്ര പ്രോത്സാഹജനകമല്ല എന്നതും ശ്രദ്ധേയമാണ്. 2020 ന്റെ ആദ്യ മൂന്ന് പാദങ്ങളിലുമായി ഫോക്‌സ്‌വാഗണ്‍ മോഡലിന്റെ വെറും 16,190 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. അതിനാല്‍ യുഎസില്‍ പസാറ്റിനെ പിന്‍വലിച്ചാലും ബ്രാന്‍ഡിന് നഷ്ടബോധം ഉണ്ടാകാന്‍ പോകുന്നില്ലന്ന് സാരം.

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഫോക്‌സ്‌വാഗണ്‍ തല്‍ക്കാലം പസാറ്റ് നല്‍കുന്നത് തുടരും. 2007 -ലാണ് പസാറ്റ് ആദ്യമായി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. പിന്നീട് ഇത് നിര്‍ത്തലാക്കുകയും ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. വാസ്തവത്തില്‍ സെഡാന്റെ ടി‌എസ്‌ഐ പതിപ്പിന്റെ പരീക്ഷണയോട്ടത്തിലുമാണ് ജര്‍മന്‍ ബ്രാന്‍ഡ്. ബിഎസ് 6-കംപ്ലയിന്റ് ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും വരവില്‍ കാറിന് കരുത്തേകുക. 2.0 ലിറ്റര്‍ TSI പെട്രോള്‍ പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ ഇടംകണ്ടെത്തുക. ഈ യൂണിറ്റ് പരമാവധി 190 bhp പവറും 320 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്ബിനി മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2021-ന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്താനാണ് സാധ്യത. വിപണിയില്‍ എത്തിയാല്‍ സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും പുതിയ ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലിന്റെ വിലയി. നിന്നും വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team