രണ്ടാമതും കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ  

മോസ്‌കോ: കൊവിഡ് വാക്സിനെതിരായ രണ്ടാമത്തെ വാക്സിൻ റഷ്യ രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒക്ടോബർ 15 ഓടെ രണ്ടാമത്തെ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്തേക്കുമെന്ന് വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടം കഴിഞ്ഞയാഴ്ച പൂർത്തിയായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. വെക്‌ടർ സർവകലാശാല വികസിപ്പിക്കുന്ന വാക്‌സിന്‍റെ പ്രതിരോധ ശേഷി ആറ് മാസത്തേക്ക് മാത്രമായിരിക്കും നിലനിൽക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കൊവിഡ് വാക്‌സിൻ ദീർഘകാലം പ്രതിരോധശേഷി നൽകില്ല. ആവശ്യമായ ഘട്ടത്തിൽ വീണ്ടും ഉപയോഗിക്കാവുന്നതാണെന്നുമായിരുന്നു ഈ റിപ്പോർട്ട്. നേരത്തെ മോസ്‌കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് വാക്സിനാ (സ്പുട്നിക്- അഞ്ച്) ണ് റഷ്യ ആദ്യം രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റിലായിരുന്നു ഈ വാക്സിന്‍റെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
റഷ്യയുടെ സ്പുട്നിക്- അഞ്ച് എന്ന വാക്സിൻ ഫലപ്രദമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതേ സാഹചര്യത്തിലാണ് രാജ്യത്ത് നിന്ന് പുതിയ വാക്സിനും രജിസ്റ്റർ ചെയ്യാൻ ആരംഭിക്കുന്നെന്ന വാർത്തയും വരുന്നത്.

സ്പുട്നിക് അഞ്ചിന്‍റെ പരീക്ഷണത്തിൽ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നുമായിരുന്നു ലാന്‍സെറ്റ് മെഡിക്കല്‍ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team