രാജ്യത്ത് ഏപ്രില്‍ 20ന് ശേഷം ചില മേഖലകളിൽ ഇളവുകള്‍ പ്രഖ്യാപിച്ചു കേന്ദ്രം.
ന്യൂഡെല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ ഏപ്രില്‍ 20ന് ശേഷം രാജ്യത്തെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പൊതുഗതാഗത സംവിധാനത്തിനടക്കം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നു കൊണ്ടാണ് പുതിയ ഉത്തരവ്. അതേസമയം കൊവിഡ് ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് കൊറിയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാം. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടത്താമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നുണ്ട്. നിര്‍മാണ മേഖലയിലും വ്യവസായ മേഖലയിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കി.
അധിക ഇളവുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇളവുകളെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.
ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ലെന്ന് പറയുന്ന ഉത്തരവില്‍ മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ആളുകള്‍ നിശ്ചിത പരിശോധനകള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്. അതല്ലെങ്കില്‍ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.
റേഷന്‍ കടകള്‍ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ വില്‍പന, വൈക്കോല്‍, വളം, കീടനാശിനി കടകള്‍, വിത്ത് – എന്നിവ വില്‍ക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയില്‍ പരമാവധിയും വീട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന രീതിയിലാക്കാമെങ്കില്‍ അതാണ് നല്ലത്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും തുറക്കാന്‍ അനുമതി നല്‍കി.
അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ഓഫീസുകള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് വേണ്ടി സേവനം നല്‍കുന്ന ഐടി സ്ഥാപനങ്ങള്‍, ബാങ്കിംഗ് കറസ്‌പോണ്ടന്റ് സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ടെലികമ്മ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍, കേബിള്‍ സര്‍വീസുകള്‍, ഐടി സംബന്ധമായ അവശ്യസര്‍വീസുകള്‍ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നു.
ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇ- കൊമേഴ്‌സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും തുറക്കാം. പെട്രോള്‍ പമ്ബുകള്‍, എല്‍പിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ല്‍ സ്റ്റോറേജ് വ്യാപാര സ്ഥാപനങ്ങള്‍ക്കെല്ലാം തുറക്കാം. ഡാറ്റ, കോള്‍ സെന്ററുകള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാത്രം തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കൃഷി സംബന്ധമായ സ്ഥാപനങ്ങളെല്ലാം തുറക്കാനുള്ള അനുമതിയും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഹൈവേകളില്‍ ട്രക്ക് റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാമെന്ന് പറയുന്ന ഉത്തരവില്‍ മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ളും തുറക്കാനുള്ള അനുമതി നല്‍കുന്നു. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അത്യാവശ്യമുള്ള നിര്‍മാണ യൂണിറ്റുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടി തുറക്കേണ്ടത്.
തേയിലത്തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെങ്കിലും 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ. അവശ്യ സര്‍വീസുകളൊഴിച്ച് ഗതാഗത മേഖലയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ രാജ്യത്ത് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത് ഈ മേഖലകളില്‍;
– റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
– വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
– തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
– കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും
– വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല
– അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും
– വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും
– പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം
– മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം
– പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം
– മെഡിക്കല്‍ ലാമ്ബുകള്‍ക്ക് തുറക്കാം
– ആരാധനാലയങ്ങള്‍ തുറക്കരുത്
– ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്
– മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം
– ക്ഷീരം, മത്സ്യം, കോഴിവളര്‍ത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി
– പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും
– അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.